ദിസ്പൂര്‍: ശക്തമായ വെളളപ്പൊക്കത്തില്‍ അന്തർദേശീയ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ 225ലേറെ മൃഗങ്ങൾ ചത്തൊടുങ്ങി. രണ്ടാമതും ഉണ്ടായ വെളളപ്പൊക്കത്തിലാണ് മരണസംഖ്യ ഉയര്‍ന്നത്. പാര്‍ക്കിന്റെ 30 ശതമാനം പ്രദേശവും ഇപ്പോഴും വെളളത്തിനടിയിലാണ്.
വെളളം ഒഴുകിപ്പോകുന്നുണ്ടെന്നും എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പൂര്‍ണ്ണമായും വെളളം ഒഴുകിപ്പോവുകയുളളൂവെന്നും അധികൃതര്‍ അറിയിച്ചു. ബ്രഹ്മപുത്ര കര കവിഞ്ഞു ഡിഫ്ളു നദിയിലൂടെ ദേശീയ പാർക്കിലേക്കു ഒഴുകിയാണ് ദുരന്തം വിതച്ചത്.
178 മാനുകള്‍, 15 ഹിപ്പൊപ്പൊട്ടാമാസുകള്, ഒരു കടുവ, നാല് ആനകള്‍ എന്നിവയാണ് വെളളപ്പൊക്കത്തില്‍ ചത്തത്. ഈവ മാസം ആദ്യമാണ് സംസ്ഥാനത്ത് വീണ്ടും വെളളപ്പൊക്കം ഉണ്ടായത്. 33 ലക്ഷം പേരെ ബാധിച്ച വെളളപ്പൊക്കം നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടാക്കി.
പാർക്ക് ഗാർഡുകളും സന്നദ്ധ സംഘടനകളും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവർത്തകരും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കയാണ്. മൃഗങ്ങൾ ഭക്ഷണം കിട്ടാതെ ദേശിയ പാതക്ക് ഇപ്പുറത്തേക്കും അടുത്തുള്ള ചായ തോട്ടങ്ങളിലേക്കും ഇറങ്ങിയിട്ടുണ്ട്.