അസമിൽ കുടിയൊഴിപ്പിക്കൽ ശ്രമത്തിനെത്തുടർന്ന് രണ്ട് പേർ കൊല്ലപ്പെടുകയും ഒരു പൊലീസുകാരൻ അടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത് ഒരു ദിവസം പിന്നിട്ടിട്ടും കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അധികൃതർ ഇതുവരെ ഔദ്യോഗിമായി വെളിപ്പെടുത്തിയില്ല. സിപജ്ഹറിലെ ഗ്രാമത്തിൽ നിന്നുള്ള 33 വയസ്സുകാരനും, 12 വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 33 വയസ്സുകാരനെ വെടിവയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പുറത്തുവരികയും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ധോൽപൂർ മൂന്നിലെ സഹ ഗ്രാമവാസികൾ സമീപത്തെ പാടത്ത് ഇപ്പോൾ ഒരു കൂട്ടം വിറകുകളും ഒരു വെളുത്ത തുണിയും കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലത്താണ് മൊയ്നുൽ ഹഖ് എന്ന 33 വയസ്സുകാരൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. വീഡിയോയിൽ മൊയ്നുൽ ഹഖിനെ പൊലീസുകാർ മർദിക്കുന്നതിന്റെയും അദ്ദേഹം നിലത്ത് ചലനരഹിതനായി കിടക്കുമ്പോൾ പൊലീസിനൊപ്പമുള്ള കാമറമാൻ ചവിട്ടിക്കൊണ്ടിരിക്കുന്നതിന്റെയും ദൃശ്യങ്ങളുണ്ടായിരുന്നു.

“വീഡിയോയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഞാൻ കരഞ്ഞുപോവുന്നു … ഇതിനകം മരിച്ച ഒരു മനുഷ്യനെ അടിക്കുന്നത് ഒരു പ്രത്യേക വിദ്വേഷമാണ്,” പ്രദേശവാസികളിലൊരാളായ 21 വയസ്സുകാരനായ സദ്ദാം ഹുസൈൻ പറയുന്നു.
ഏതാനും കിലോമീറ്റർ അകലെ രണ്ട് അലുമിനിയം ഷീറ്റുകൾകൊണ്ട് നിർമിച്ച ഒരു താൽക്കാലിക ഷെഡിൽ ഒതുങ്ങിക്കഴിയുന്ന മൊയ്നുളിന്റെ കുടുംബം പറയുന്നത് തങ്ങൾ വീഡിയോ കണ്ടിട്ടില്ലെന്നും ഇതുവരെ അദ്ദേഹത്തിന്റെ ശരീരം കണ്ടിട്ടില്ലെന്നുമാണ്.
ഭാര്യക്കും മൂന്ന് മക്കൾക്കും (അഞ്ച്, ഒമ്പത്, 13 വയസ്സ്) ഒപ്പം മൊയ്നുലിന്റെ മാതാപിതാക്കളും കുടിയൊഴിപ്പിക്കൽ പദ്ധതിയിൽ വീട്ടിൽനിന്ന് കുടിയിറക്കപ്പെട്ടു. വീഡിയോയെക്കുറിച്ച് ചോദിച്ചപ്പോൾ, പോലീസ് തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് അവർ പറഞ്ഞു.

മൊയിനുലിന്റെ ഭൗതിക ശരീരത്തിന് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ പിതാവ് മഖ്ബൂൽ അലി പറഞ്ഞു. “ചില ആളുകൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് ഞങ്ങൾക്ക് വിവരം നൽകി, അതിനാൽ ഞാൻ തിരക്കി. പക്ഷേ, വെടിയുണ്ടകളുടെ ശബ്ദം കേട്ട് ഞാൻ തിരിച്ചു വന്നു,” അദ്ദേഹം പറഞ്ഞു.
അവരുടെ വീട് പൊളിച്ചുമാറ്റുന്നതിനിടയിലും, അധികാരികളുമായി ചില ഒത്തുതീർപ്പുകൾക്ക് സാധ്യതയുള്ളതായി മൊയ്നുൾ കേട്ടറിഞ്ഞെന്നും അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. ” മൊയ്നുൽ കൂടുതൽ അറിയാൻ പോയി … അടുത്തതായി ഞങ്ങൾ കേട്ടത് മൊയ്നുൽ മരിച്ചു എന്നായിരുന്നു,” മൊയ്നുളിന്റെ മാതാവ് മൈമുന പറഞ്ഞു.
Also Read: ഡൽഹിയെ നടുക്കിയ വെടിവയ്പ്: കുടിപ്പക തുടങ്ങിയത് കോളേജ് കാലഘട്ടത്തിൽ
“മൊയ്നുൽ ഒരു തൊഴിലാളിയായിരുന്നു, ഞങ്ങളുടെ കുടുംബത്തിലെ ഏക വരുമാനക്കാരൻ. എന്റെ ഭർത്താവ് വൃദ്ധനാണ് … ഇപ്പോൾ ഞങ്ങൾ ആശ്രയിക്കാൻ ആരുമില്ലാത്തവരായി” അവർ കൂട്ടിച്ചേർത്തു.

വീട്ടിൽ നിന്ന് ഒഴിപ്പിച്ചപ്പോൾ കുടുംബത്തിന് കുറച്ചു കാര്യങ്ങൾ മാത്രമേ താൽക്കാലിക ഷെൽട്ടറിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നുള്ളൂ, ചില പുതപ്പുകൾ, പ്ലാസ്റ്റിക് രേഖകളുടെ ഒരു ഫോൾഡർ, കുറച്ച് ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾ എന്നിവ മാത്രം.
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഷാഖ് ഫരീദിന്റെ (12) കുടുംബം പറയുന്നത്, കുട്ടി ആധാർ കാർഡ് എടുക്കാൻ പോസ്റ്റ് ഓഫീസിലേക്ക് പോകാൻ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്ന് ഇറങ്ങി എന്നാണ്. മരിച്ച നിലയിൽ കുതിരവണ്ടിയിലായിരുന്നു കുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയത്. ആ ആധാർ ഒടുവിൽ കുട്ടിയെ തിരിച്ചറിയാൻ പ്രദേശവാസികളെ സഹായിച്ചു.
Also Read: മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; 33 പേര്‍ക്കെതിരെ കേസ്, 24 പേര് പിടിയില്‍
ഫരീദ് താമസിച്ചിരുന്ന, ധോൽപൂർ മൂന്നിലെ നദീ തീരത്ത് വ്യാഴാഴ്ച ഉച്ചവരെ കാര്യങ്ങൾ ശാന്തമായിരുന്നു. താമസക്കാർക്ക് നോട്ടീസ് നൽകിയിരുന്നില്ല, ജെസിബികളുമായി ആരും വന്നിരുന്നില്ല. എന്നാൽ ഉച്ചയ്ക്ക് ശേഷം, ഫരീദിന്റെ മാതാപിതാക്കൾ അവരുടെ മകൻ മരിച്ചതായി കേട്ടു.

“എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, എങ്ങനെയാണ് അവൻ മരിച്ചത് … ഞങ്ങൾക്ക് പറയാൻ വാക്കുകളില്ലാത്ത അവസ്ഥയിലാണ്,” ഫരീദിന്റെ പിതാവ് ഖലെക് അലി പറയുന്നു. തന്റെ മകന്റെ രക്തം വാർന്നൊഴുകുന്ന ഫൊട്ടോ ഒരാൾ കാണിക്കുന്നതുവരെ താൻ ആദ്യം അത് വിശ്വസിച്ചില്ലെന്നും അദ്ദേഹം പറയുന്നു. സമീപത്തിരുന്ന് ഖലെക് അലിയുടെ പത്നി കരയുന്നുണ്ടായിരുന്നു.
ഫരീദിന് എന്താണ് സംഭവിച്ചതെന്ന് ഗ്രാമവാസികൾക്കും വ്യക്തമല്ല. “ആധാർ പോക്കറ്റിലുണ്ടായിരുന്നതിനാൽ അവനെ എളുപ്പത്തിൽ തിരിച്ചറിയാൻ സാധിച്ചു,” അയൽവാസിയായ അബ്ബാസ് അലി പറയുന്നു, “അവൻ നല്ല കുട്ടിയായിരുന്നു,” അദ്ദേഹം പറഞ്ഞു.
ഫരീദിന്റെ മൃതദേഹം മൂന്ന് മണിക്കൂറിനുള്ളിൽ വീണ്ടും കൊണ്ടുപോയതായി കുടുംബം പറയുന്നു. എന്നാൽ ആധാർ കാർഡ് സൂക്ഷിക്കാൻ അവർക്ക് കഴിഞ്ഞു.
റിപ്പോർട്ട്: ടോറ അഗർവാള