ഗുവാഹത്തി: ഡൽഹിക്ക് പിന്നാലെ അസമിലും ബുൾഡോസർ രാജ്. കസ്റ്റഡി മരണം ആരോപിച്ചു പൊലീസ് സ്റ്റേഷന് തീവെച്ച പ്രതികളുടെ അടക്കമുള്ള വീടുകൾ അടക്കം ജില്ലാ ഭരണകൂടം പൊളിച്ചു ,മാറ്റി. അസമിലെ നാഗോണിലാണ് സംഭവം. അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചതെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
ഇന്നലെ ഉച്ചയോടെയാണ് സലോനബോറി ഗ്രാമത്തിൽ നിന്നുള്ള 40 പേരടങ്ങുന്ന ജനക്കൂട്ടം നാഗോണിലെ ബട്ടദ്രാവ പൊലീസ് സ്റ്റേഷന് തീയിട്ടത്. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഒരാൾ മരിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. തുടർന്ന് നാഗോൺ ജില്ലാ ഭരണകൂടം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ബട്ടദ്രാവ സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെ, ബുൾഡോസറുകൾ കൊണ്ട് സ്റ്റേഷനിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള ഗ്രാമത്തിലെത്തി വീടുകൾ പൊളിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ ഉൾപ്പെടെ പങ്കെടുത്തവരുടെ വീടുകൾ പൊളിച്ചതായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
“40 പേരാണ് ആക്രമണത്തിൽ ഉണ്ടായിരുന്നത്. ഞങ്ങൾ അതിൽ ഏഴുപേരെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു… കൂടാതെ 21 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്,” അസം ഡിജിപി (ക്രമസമാധാനം) ജി പി സിംഗ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു, “കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഞങ്ങൾ ശക്തമായ നടപടിയെടുക്കും. എന്നാൽ അത്തരമൊരു ആരോപണത്തിന്റെ പേരിൽ പൊലീസ് സ്റ്റേഷന് തീവെച്ചത് അനുവദിക്കാനാവില്ല” എന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ ഉൾപ്പെട്ട ബാക്കിയുള്ളവരെ തിരിച്ചറിയാൻ വീഡിയോ ദൃശ്യങ്ങൾ വിശകലനം ചെയ്തു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പൊളിക്കലിന് എതിരെ പ്രതിഷേധങ്ങൾ ശക്തമാണ്. “പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ഞങ്ങൾ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. എന്നാൽ അക്രമികളുടെ വീടുകൾ പൊലീസ് ബുൾഡോസർ ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണ്,” എന്ന് ബാർപേട്ടയിൽ നിന്നുള്ള കോൺഗ്രസ് എംപി അബ്ദുൾ ഖാലിഖ് ട്വീറ്റ് ചെയ്തു.
മീൻവിൽപ്പനക്കാരനായ ഷഫീഖുൽ ഇസ്ലാം എന്നയാളാണ് കസ്റ്റഡിയിൽ മരിച്ചത്. കേസിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് 10,000 രൂപയും ഒരു താറാവിനെയും ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിനെ തുടർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. അതേസമയം, പൊലീസ് സ്റ്റേഷനിൽ നിന്ന് ഇയാളെ ഭാര്യ കൂട്ടികൊണ്ടുപോയെന്നും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മരണപ്പെടുകയുമായിരുന്നു എന്നാണ് പൊലീസ് വാദം.