ഗുവാഹത്തി: പ്രസവിച്ച ഉടൻ ആശുപത്രിയിൽ വച്ച് കുട്ടികൾ മാറിയ സംഭവത്തിൽ മക്കളെ കൈമാറാൻ ബുദ്ധിമുട്ടറിയിച്ച് രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിൽ വിചിത്രമായ കോടതി വിധി. പതിനെട്ട് വയസ് പൂർത്തിയായാൽ മക്കൾ തന്നെ ഏത് അച്ഛനെയും അമ്മയെയും വേണമെന്ന് തീരുമാനിക്കട്ടെയെന്ന് കോടതി പറഞ്ഞു.

2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയിലാണ് കുട്ടികളെ മാറിയത്. ഒരേ സമയം ജനിച്ച ബോഡോ കുടുംബത്തിലെയും മുസ്ലിം കുടുംബത്തിലെയും കുട്ടികളാണ് പരസ്പരം മാറിപ്പോയത്. മുസ്ലിം കുടുംബത്തിനാണ് ആദ്യം കുട്ടി തന്റേത് തന്നെയാണോയെന്ന് സംശയം തോന്നിയത്. പിന്നീട് ഇക്കാര്യം ഭർത്താവിനെ അറിയിച്ചു.

ഇദ്ദേഹം ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും ഇക്കാര്യം ഇവർ സമ്മതിച്ചില്ല. പിന്നീട് വിവരാവകാശ നിയമപ്രകാരം തന്റെ കുട്ടി ജനിച്ച ദിവസം ആശുപത്രിയിൽ ജനിച്ച മറ്റ് കുട്ടികളുടെ വിവരങ്ങൾ ഭർത്താവും അദ്ധ്യാപകനുമായ ആൾ ശേഖരിച്ചു. പിന്നീട് ബോഡോ കുടുംബത്തെ സമീപിച്ചെങ്കിലും കുട്ടിയ കൈമാറാൻ ഇവർ വിസമ്മതിച്ചു.

ഇതേ തുടർന്ന് ഇദ്ദേഹം പൊലീസിൽ പരാതിപ്പെടുകയും സംഭവം കോടതിയിലേക്ക് എത്തുകയും ചെയ്തു. ഡിഎൻഎ ടെസ്റ്റിൽ കുട്ടികൾ മാറിയതായി വ്യക്തമായതോടെ കുട്ടികളെ കൈമാറാൻ കോടതി വിധിച്ചു. എന്നാൽ ഈ സമയമായപ്പോഴേക്കും അമ്മമാർ പിരിയാൻ സാധിക്കാത്ത വിധം കുട്ടികളുമായി അടുത്തിരുന്നു.

ഇതേ തുടർന്ന് ഇരു കുടുംബങ്ങളും സംയുക്തമായി സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. മാതാപിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കിയ കോടതി പതിനെട്ട് വയസാകുന്നത് വരെ കുട്ടികളെ വളർത്താൻ ഇരു കുടുംബത്തിനും കോടതി അനുവാദം നൽകി. 18 വയസ് തികഞ്ഞാൽ ഏത് അച്ഛനും അമ്മയും വേണമെന്ന് കുട്ടികൾക്ക് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

ആസാമിൽ ശക്തമായ വർഗ്ഗീയ പോരാണ് ബോഡോ സമുദായവും മുസ്ലിങ്ങളും തമ്മിലുളളത്. ഇരു മത ചേരികളിൽ നിന്നും വ്യത്യസ്തമായ യോജിപ്പിന്റെ കഥയായി ഇത് മാറി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ