ഗുവാഹട്ടി: ഭീകരരെ സാമ്പത്തികമായി സഹായിച്ച കേസിൽ മുൻപ് വിഘടനവാദിയായിരുന്ന ഇപ്പോഴത്തെ ബിജെപി നേതാവടക്കം മൂന്ന് പേർക്ക് ഗുവാഹട്ടിയിലെ ദേശീയ അന്വേഷണ ഏജൻസി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മറ്റ് രണ്ട് പേരും സർക്കാർ ജീവനക്കാരാണ്. ഭീകരരർക്ക് സർക്കാർ ധനം നൽകി സഹായിച്ചുവെന്നാണ് മൂവർക്കുമെതിരായ കേസ്.

ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിലായി 15 പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചിട്ടുണ്ട്. ആസാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ദിമ ഹലം ദോഗ എന്ന തീവ്രവാദ സംഘടനയുടെ മുൻ കമാന്റർ ഇൻ ചീഫായ നിരഞ്ജൻ ഹോജായിയാണ് ശിക്ഷിക്കപ്പെട്ട ബിജെപി നേതാവ്. ഈ സംഘടന വിട്ട ശേഷം ബിജെപിയിൽ ചേർന്ന ഇദ്ദേഹം എൻ.സി.ഹിൽസിൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഈ തീവ്രവാദ സംഘടനയുടെ മുൻ ചെയർമാൻ ആയിരുന്ന ജുവൽ ഗർലോസ എന്ന ഗിൽ കൗൺസിൽ സ്വതന്ത്ര അംഗം, കൗൺസിലിലെ മുൻ ചീഫ് എക്സിക്യുട്ടീവ് അംഗമായ മൊഹിത് ഹൊജായി എന്നിവരാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. നിരഞ്ജൻ ഹോജായിയെ കുറ്റവിമുക്തനാക്കുന്നതിന് ഗുവാഹട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. ഇക്കാര്യം ബിജെപി ആസാം സംസ്ഥാന വക്താവ് ബിജൻ മഹാജൻ വ്യക്തമാക്കി.

കേസിൽ മറ്റ് അഞ്ച് പേർക്ക് പത്തും പന്ത്രണ്ടും വർഷം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്. രണ്ട് ശിക്ഷയും പ്രത്യേകം അനുഭവിക്കണമെന്നാണ് കോടതി വിധി. ആസാം സാമൂഹ്യക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ആർ.എച്ച്.ഖാൻ, കരാറുകാരനായ ഫൊജേന്ദ്ര ഹൊജായി, തീവ്രവാദ സംഘത്തിലെ അംഗമായ അഷ്രിംഗ്ദോ വാറിസ, മിസോറാമിലെ ആയുധ കള്ളക്കടത്തുകാരനായ വൻലാൽചന, കൊൽക്കത്തയിൽ നിന്നുള്ള കരാറുകാരൻ ജയന്ത് കുമാർ ഘോഷ് എന്നിവർക്കാണ് ഈ ശിക്ഷ ലഭിച്ചത്.

രണ്ട് കേസുകളിലായി എട്ട് വർഷം വീതം പ്രത്യേക തടവുശിക്ഷ കേസിലുൾപ്പെട്ട മറ്റ് ഏഴ് പേർക്കും ലഭിച്ചിട്ടുണ്ട്. കരാറുകാരായ ഗോലൺ ദോലാഗുപു, സന്ദീപ് ഘോഷ്, ബാബു കെംപ്രായി, ദേബാശിഷ് ഭട്ടാചാർജീ, ഹവാല ഇടപാടുകാരനായ മാൽസംകിനി, പൊതു ആരോഗ്യ വകുപ്പ് ചീഫ് എഞ്ചിനീയർ കരുണ സൈകിയ, മറ്റൊരു സർക്കാരുദ്യോഗസ്ഥനായ ജിബാംഗ്ഷു പോൾ എന്നിവർക്കാണ് എട്ട് വർഷം വീതം രണ്ട് തടവുശിക്ഷ ലഭിച്ചത്. നേരത്തേ കുറ്റസമ്മതം നടത്തിയ സർക്കാരുദ്യോഗസ്ഥൻ സമീർ അഹമ്മദിന് അഞ്ച് വർഷം തടവാണ് ലഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ