ന്യൂഡല്‍ഹി: 2008ലാണ് ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോയുടെ ഓഡീഷനില്‍ സൂരജ് തിരഞ്ഞെടുക്കപ്പെട്ടത്. വിജയിയാകാന്‍ കഴിഞ്ഞില്ലെങ്കിലും അയാള്‍ നല്ലൊരു പാട്ടുകാരനായിരുന്നു. പിന്നീട് സൂരജ് തന്റെ ഭാഗ്യം പരീക്ഷിച്ചത് ത്വായ്‌ക്കോണ്ടയിലായിരുന്നു. അവിടെ സ്വര്‍ണ മെഡല്‍ ജേതാവായി. എന്നാല്‍ ഇതുരണ്ടും തിരഞ്ഞെടുക്കാതെ പച്ച പിടിക്കാന്‍ ആ ചെറുപ്പക്കാരന്‍ കണ്ടെത്തിയ മാര്‍ഗം മോഷണമായിരുന്നു.

പന്ത്രണ്ടോളം മോഷണക്കേസുകളുടെ മുഖ്യസൂത്രധാരനും 24 ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ, ഫൈറ്റര്‍ എന്നു വിളിക്കുന്ന സൂരജിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷമായി തേടിക്കൊണ്ടിരുന്ന പ്രതിയെ വെള്ളിയാഴ്ചയാണ് പോലീസ് കസ്റ്റഡിയിലെടുത്ത്.

ഒക്ടബോര്‍ 21ന് ഔട്ടര്‍ ഡല്‍ഹിയിലെ രന്‍ഹോലയില്‍ നടത്തിയ മോഷണത്തിനു പിന്നാലെയാണ് പോലീസ് സൂരജിനേയും സംഘത്തേയും നിരീക്ഷിച്ചു തുടങ്ങിയത്. മോഷ്ടാക്കള്‍ തങ്ങളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി സ്വര്‍ണവും പണവും മോഷ്ടിച്ചു. മോഷണത്തിനു പിന്നാലെ തങ്ങള്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂരജിനെയും സഹായിയായ അനിലിനേയും പോലീസ് പിടികൂടുന്നത്. ഇരുവര്‍ക്കും ഒരു ഡസനിലധികം മോഷണക്കേസുകളില്‍ പങ്കുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അനുമതിയില്ലാതെ തോക്ക് കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കേസ് ഉണ്ട്.

ഉത്തംനഗര്‍ സ്വദേശിയാണ് മുന്‍ ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോ താരമായ സൂരജ്. ത്വായ്ക്കോണ്ട മത്സരത്തില്‍ രണ്ട് തവണ സൂരജ് സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു. മോഷണ കേസില്‍ നേരത്തെയും സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ