ന്യൂഡൽഹി: മധ്യപ്രദേശിൽ നിന്നുള്ള സ്വയം പ്രഖ്യാപിത ‘ആൾദൈവം’ കോവിഡ് ബാധിച്ച് മരിച്ചു. കൈയിൽ ചുംബിച്ചാൽ കോവിഡ്-19 മാറുമെന്ന് അവകാശപ്പെട്ട ആൾദൈവം അസ്‌ലം ബാബയാണ് കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ മരിച്ചത്.

മധ്യപ്രദേശിലെ രത്‌ലാം സ്വദേശിയാണ് ഇയാൾ. കൈയിൽ ചുംബിച്ചാൽ കോവിഡ് മാറുമെന്ന് വിശ്വസിച്ച് നിരവധിപേർ ഈ ആൾദൈവത്തിന്റെ അടുത്തെത്തിയിട്ടുണ്ട്. ഇവരെയെല്ലാം ക്വാറന്റൈനിലാക്കേണ്ട അവസ്ഥയാണ്. ജൂൺ മൂന്നിനാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ നാലിന് മരിക്കുകയും ചെയ്‌തു.

Read Also: ചെെനയിൽ വീണ്ടും കോവിഡ്; മാംസച്ചന്തയിലെ തൊഴിലാളികൾക്ക് രോഗം, ഉറവിടമറിയില്ല

ഇയാളുടെ അടുത്ത് അനുഗ്രഹം വാങ്ങാനെത്തിയ പലർക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 നെ പ്രതിരോധിക്കാൻ ശാരീരിക അകലം പാലിക്കണമെന്ന് നിർദേശമുള്ളപ്പോഴാണ് കൈയിൽ ചുംബിച്ച് രോഗം മാറ്റുമെന്ന അവകാശവാദവുമായി ആൾദൈവം അസ്‌ലം ബാബ രംഗത്തെത്തിയത്.

അസ്‌ലം ബാബയുമായി സമ്പർക്കം പുലർത്തിയ 24 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ബാബയുമായി ബന്ധപ്പെട്ട 50 ഓളം പേരെ ക്വാറന്റൈനിലാക്കി. അസ്‌ലം ബാബ താമസിച്ചിരുന്ന നയാപുര മേഖലയിലെ 150 ഓളം പേരും ക്വാറന്റൈനിലാണ്. പ്രദേശത്തെ കണ്ടെയ്‌നർ സോണായി പ്രഖ്യാപിച്ചു.

Read Also: മന്‍മോഹന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ്

സ്വയം ആൾദൈവമായി പ്രഖ്യാപിച്ച് പൂജകളും പ്രാർത്ഥനകളും നടത്തുന്ന 34 ഓളം ‘ബാബ’മാരെ പൊലീസ് രത്‌ലാമിൽ നിന്ന് പിടികൂടിയിട്ടുണ്ട്. രത്‌ലാമിൽ മാത്രം ഇതുവരെ 85 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook