ബംഗളൂരു: ബിജെപി സര്‍ക്കാര്‍ തങ്ങള്‍ക്ക് വില പറയുകയാണെന്ന് ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ വെളിപ്പെടുത്തല്‍. സര്‍ക്കാരിന്റെ ഭീഷണിയില്‍ നിന്ന് രക്ഷപെടാനാണ് കര്‍ണാടകയില്‍ അഭയം തേടിയതെന്നും എംഎല്‍എമാര്‍ പറഞ്ഞു.

ബെംഗളൂരുവിൽ കഴിയുന്ന 44 എംഎൽഎമാരെയും അണിനിരത്തി കോൺഗ്രസ് നടത്തിയ വാർത്താസമ്മേളനത്തിലാണു ബിജെപി നേതൃത്വത്തിനെതിരെ കോൺഗ്രസ് എംഎൽഎമാർ ആഞ്ഞടിച്ചത്. തങ്ങളിൽ 22 പേരെ അടർത്തിയെടുക്കാനാണു ബിജെപി ശ്രമിച്ചതെന്നും ഇതിനായി ഓരോരുത്തർക്കും 15 കോടി രൂപ വരെ വാഗ്ദാനം ചെയ്തിരുന്നെന്നും എംഎൽഎമാർ വെളിപ്പെടുത്തി. ഇതിനായി 1500 കോടിരൂപയാണ്​ വാഗ്​ദാനം ചെയ്യുന്നത്​. വഴങ്ങാതിരുന്ന എംഎൽഎമാരെയും അവരുടെ കുടുംബാംഗങ്ങളെയും ബിജെപി ഭീഷണിപ്പെടുത്തുന്നതായും ശക്തിസിൻഹ്​ ഗോഹിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

രാജ്യസഭയിൽ കോൺഗ്രസ്​ സ്ഥാനാർത്ഥി അഹമ്മദ്​ പ​ട്ടേ​ലി​​​ന്റെ വി​ജ​യ​മു​റ​പ്പി​ക്കാ​ൻ 45 വോ​ട്ട്​ മ​തി. ​ ജൂലൈ 25 ന്​ ഗുജറാത്തിൽ ചേർന്ന എം.എൽ.എമാരുടെ യോഗത്തിൽ 53 പേർ പിന്തുണ അറിയിച്ചിരുന്നു. ബിജെപിയിലേക്ക്​ കൂറുമാറിയ ആറുപേർ അവരുടെ തീരുമാനം തിരുത്തുമെന്നാണ്​ പ്രതീക്ഷ. കാര്യസാധ്യത്തിനായി​ എളുപ്പവഴികൾ തേടുന്നവരോട്​ വിശ്വസ്​തത കാണിക്കരുതെന്നാണ്​ ആളുകളോട്​ പറയാനുള്ളതെന്നും ഗോഹിൽ പറഞ്ഞു.

ബിജെപിയിലേക്കു ചേക്കേറുന്ന കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം വർധിച്ചതിനു പിന്നാലെയാണു ബാക്കിയുള്ള എംഎൽഎമാരെ കോൺഗ്രസ് നേതൃത്വം ഇടപെട്ടു ബെംഗളൂരുവിലേക്കു മാറ്റിയത്. നഗരത്തിലെ ആഢംബര റിസോർട്ടില്‍ കഴിയുന്ന എംഎല്‍എമാരെ മൈസൂരുവിലേക്കോ മടിക്കേരിയിലേക്കോ മാറ്റിയേക്കുമെന്നും സൂചനയുണ്ട്. രാജ്യസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൂടുതല്‍പേര്‍ പാര്‍ട്ടി വിടുമെന്ന സൂചനയെത്തുടര്‍ന്നാണു കോണ്‍ഗ്രസ് എംഎല്‍എമാരെ അഹമ്മദാബാദില്‍നിന്നു ബംഗളൂരുവില്‍ എത്തിച്ചത്. കനത്ത സുരക്ഷയാണു റിസോര്‍ട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ