ന്യൂഡൽഹി: ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ വിലക്കപ്പെട്ട ഏഷ്യാനെറ്റ്, മീഡിയ വൺ എന്നീ ചാനലുകളുടെ വിലക്ക് നീക്കം ചെയ്തതിനു പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി വാർത്താ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ. മോദി സർക്കാർ എപ്പോഴും മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്ന് ജാവദേക്കർ മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം സൂചന നൽകി.
വടക്കു കിഴക്കന്‍ ഡൽഹിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതില്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മന്ത്രാലയം ഇരു ചാനലുകലുകളുടെയും സംപ്രേക്ഷണം 48 മണിക്കൂര്‍ നിര്‍ത്തി വയ്ക്കാന്‍ നേരത്തെ ഉത്തരവിട്ടത്. ഇതേ തുടർന്ന് ഇന്നലെ രാത്രി മുതൽ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ ചാനലുകൾ സംപ്രേക്ഷണം അവസാനിപ്പിക്കേണ്ടി വന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ചാനലുകൾ ലഭ്യമായിരുന്നില്ല.
നിയമലംഘനം ചൂണ്ടികാട്ടി കേന്ദ്ര വാർത്ത പ്രക്ഷേപണ മന്ത്രാലയം ചാനലുകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ചാനലുകളുടെ മറുപടി ലഭിച്ച ശേഷമാണ് മന്ത്രാലയത്തിന്റെ നടപടി. വെള്ളിയാഴ്ത വൈകിട്ട് 7.30 മുതല്‍ നിര്‍ത്തിവച്ച സംപ്രേഷണം ഇന്ന് രാവിലെ മുതലാണ് പുനഃരാരംഭിച്ചത്.
Read More: സംഘപരിവാറിനെ വിമര്‍ശിച്ചാല്‍ പാഠം പഠിപ്പിക്കുമെന്ന ഭീഷണി; മാധ്യമവിലക്കിനെതിരെ മുഖ്യമന്ത്രി
48 മണിക്കൂർ പൂർത്തിയാകും മുൻപാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ആരംഭിച്ചത്. ഇന്നു പുലർച്ചെ രണ്ടിനു ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം പുനഃരാരംഭിച്ചത്. പുലർച്ചെ 2.44 ഓടെ യൂട്യൂബിൽ ലഭ്യമായി തുടങ്ങി. എന്നാൽ, മീഡിയ വൺ ചാനൽ സംപ്രേക്ഷണം പുനഃരാരംഭിച്ചത് രാവിലെ 9.30 നാണ്. മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിലക്കിനെ തുടർന്ന് മീഡിയ വണ്ണിൽ തത്സമയ വാർത്താ സംപ്രേക്ഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. രാവിലെ 11 മുതൽ വാർത്താ സംപ്രേക്ഷണം ആരംഭിക്കുമെന്ന് മീഡിയ വൺ അറിയിച്ചിട്ടുണ്ട്.
Read More: മാധ്യമ വിലക്ക്: മീഡിയ വണ്ണും ഏഷ്യാനെറ്റും തിരിച്ചെത്തി
ബിജെപിയുടെ രാജ്യസഭ എംപിയായ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥർ. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മാധ്യമം ബ്രോഡ് കാസ്റ്റിങ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ചാനലാണ് മീഡിയ വണ്‍.