ഇസ്‌ലാമാബാദ്: നീണ്ട എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ അസിയ ബീബി ജയിൽ മോചിതയാകുന്നു. മതനിന്ദയുടെ പേരിൽ പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയാണ് അസിയ ബീബി. വാദപ്രതിവാദങ്ങൾക്കും നിരവധി നാടകീയ രംഗങ്ങൾക്കുമൊടുവിലാണ് അസിയ ജയിൽ മോചിതയാകുന്നത്.
2009ലാണ് കേസിന് ആസ്‍പദമായ സംഭവം. ക്രിസ്ത്യൻ യുവതിയായ അസിയ സമീപത്തെ മുസ്‌ലിം വിഭാഗക്കാർ ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് വെള്ളം കോരി, അതേ പാത്രത്തിൽ തന്നെ കുടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അസിയ വെള്ളം കുടിക്കുന്നത് കണ്ട മുസ്‌ലിം സ്ത്രീകൾ അസിയയോട് ദേഷ്യപ്പെടുകയും മതം മാറാൻ അവശ്യപ്പെടുകയും ചെയ്തു.
എന്നാൽ മതം മാറാൻ വിസമ്മതിച്ച അസിയക്കെതിരെ ജനക്കൂട്ടം മതനിന്ദ നടത്തി എന്നാരോപിച്ച് കേസ് നൽകി. കേസ് പരിഗണിച്ച ലാഹോർ ഹൈക്കോടതി 2010ൽ അസിയയ്ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതേതുടർന്ന് കഴിഞ്ഞ എട്ട് വർഷമായി പാക്കിസ്ഥാനിലെ പേര് വെളിപ്പെടുത്താത്ത ഒരു ജയിലിലാണ് അസിയയെ തടവിലാക്കിയിരുന്നത്.
2011 ൽ അസിയയെ അനുകൂലിച്ച് രംഗത്ത് വന്ന പഞ്ചാബ് പ്രവിശ്യ ഗവർണറായിരുന്ന സൽമാൻ തസീർ കൊല്ലപ്പെടുകയും ചെയ്തു. മതനിന്ദ നിയമത്തെ വിമർശിച്ചതിനും അസിയയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിനുമാണ് സൽമാൻ തസീറിന്റെ സുരക്ഷ ജീവനക്കാരൻ തന്നെ അദ്ദേഹത്തെ കൊലപ്പെടുത്തിയത്.

ഇതേതുടർന്ന് ലോകത്തിന്റെ പലഭാഗത്തുനിന്നും പാക്കിസ്ഥാന്റെ മതനിന്ദ നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ പാക്കിസ്ഥാനിൽ മതനിന്ദയെ നിയമത്തെ അനുകൂലിക്കുന്ന നിലപാടായിരുന്നു തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനകൾ സ്വീകരിച്ചത്.
കോടതി സ്വതന്ത്രയാക്കിയെങ്കിലും അസിയയുടെ ജീവന് ഭീഷണിയുണ്ട്. വിധി വന്ന ഉടനെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലും, സാംസ്കാരിക നഗരമായ ലാഹോറിലും വലിയ പ്രതിഷേധങ്ങളുണ്ടായി. ഈ നഗരങ്ങൾ സ്തംഭിപ്പിക്കുമെന്നാണ് തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനയായ തെഹ്‍രിക്-ഇ-ലബായിക് പാക്കിസ്ഥാൻ അറിയിച്ചിരിക്കുന്നത്. അസിയയെ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചാൽ അതിന്റെ അനന്തരഫലം ഭീകരമായിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, കോടതിയുടെ നിലപാട് വളരെ ശ്രദ്ധേയമാണ്. അനീതിയും അടിച്ചമർത്തലുമല്ല സഹിഷ്ണുതയാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമെന്നാണ് വിധിന്യായത്തിൽ കുറിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഖീബ് നസീർ അദ്ധ്യക്ഷനായ മൂന്നാംഗ ബെഞ്ചിന്റേതാണ് വിധി.
കഴിഞ്ഞ ഫെബ്രുവരിയിൽ അസിയയുടെ ഭർത്താവും മക്കളും ഫ്രാൻസിസ് മാർപ്പാപ്പയെ കണ്ടിരുന്നു.
മതനിന്ദ നടത്തുന്നവർക്ക് വധശിക്ഷയാണ് പാക്കിസ്ഥാനിൽ പതിവ്. 1987നും 2016നും ഇടയിൽ മാത്രം 1472 പേർക്കെതിരെയാണ് മതനിന്ദയ്ക്ക് കേസെടുത്തിരിക്കുന്നത്. അസിയയ്ക്ക് അനൂകൂലമായ വിധി വന്നതോടെ മതനിന്ദ നിയമത്തിൽ കാര്യമായ മാറ്റങ്ങൾ വരുമെന്ന് തന്നെയാണ് കരുതുന്നത്.