ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദാ നിയമം അനുസരിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട ക്രിസ്ത്യന്‍ യുവതിയുടെ ശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതില്‍ പ്രക്ഷോഭം. തീവ്ര മുസ്ലിം മത സംഘടനകള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെയാണ് നിരവധി പേര്‍ തെരുവിലിറങ്ങിയത്. തെഹരീകി താലിബാന്‍ പാര്‍ട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതോടെ പ്രവര്‍ത്തകര്‍ രാജ്യത്തെ പല നഗരങ്ങളിലും റോഡുകള്‍ ഉപരോധിച്ചു. പ്രതിഷേധത്തില്‍ 14ഓളം തീവ്ര നിലപാടുളള മുസ്ലിം സംഘടനകളുടെ പിന്തുണയുണ്ട്.

പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. റോഡുകളില്‍ ടയര്‍ കത്തിച്ചും പ്രതിഷേധം ശക്തമാവുകയാണ്. കോടതി വിധിയെ പല മതപുരോഹിതരും എതിര്‍ത്തതോടെയാണ് പ്രതിഷേധത്തിന് തീവ്രവിഭാഗക്കാര്‍ ഇറങ്ങിയത്. കേസില്‍ ഒമ്പത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ആസിയയെ മോചിപ്പിക്കാനുള്ള ഉത്തരവ് വന്നത്. വിധിയെ വിവിധ മനുഷ്യാവകാശ സംഘടനകളും രാജ്യത്തെ പൗരാവകാശ പ്രവര്‍ത്തകരും സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഇവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്നാണ് തീവ്ര മതവിഭാഗങ്ങളുടെ ആവശ്യം. തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് പ്രതിഷേധക്കാരോട് സൈന്യം അറിയിച്ചിട്ടുണ്ട്.

ആസിയ ബീബി എന്ന കൃസ്ത്യന്‍ യുവതിയുടെ വധ ശിക്ഷയാണ് പാക് സുപ്രീംകോടതി റദ്ദാക്കിയത്. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസില്‍ 2010ലാണ് ആസിയബീബിക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. പ്രവാചകനെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നായിരുന്നു കുറ്റം. പിന്നീട് കേസ് പരിഗണിച്ച ലാഹോര്‍ ഹൈക്കോടതി വിചാരണ കോടതിയുടെ വിധി ശരിവെച്ചു.
ഏറ്റവുമൊടുവില്‍ വധശിക്ഷക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഇവരെ കുറ്റവിമുക്തയാക്കിയത്. ചീഫ് ജസ്റ്റിസ് സാഖിബ് നിസാറാണ് വിധി പ്രസ്താവിച്ചത്. മതനിന്ദാ കുറ്റം ചുമത്തി പാക്കിസ്ഥാനില്‍ നേരത്തേയും നിരവധി പേരെ വധശിക്ഷക്ക് വിധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരുടെയും ശിക്ഷ നടപ്പാക്കിയിട്ടില്ല

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook