/indian-express-malayalam/media/media_files/uploads/2023/07/gyanvapi.jpg)
ഗ്യാന്‍വാപി മസ്ജിദില്‍ ശാസ്ത്രീയ പരിശോധന
ലക്‌നൗ:വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗ്യാന്‍വാപി പള്ളി പരിസരത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ)യുടെ സര്‍വേ ആരംഭിച്ചു. പള്ളിയുടെ 'ഇപ്പോഴത്തെ ഘടന ഒരു ഹിന്ദു ക്ഷേത്രത്തിന്റെ മുമ്പുണ്ടായിരുന്ന ഘടനയില്‍ നിര്‍മ്മിച്ചതാണോ' എന്ന് നിര്‍ണ്ണയിക്കുന്നതിനാണ് സര്‍വേ നടത്തുന്നത്, ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പള്ളി പരിസരത്ത് സര്‍വേ നടത്താന്‍ വാരണാസി കോടതി അനുമതി നല്‍കിയിരുന്നു. നേരത്തെ സീല്‍ ചെയ്ത പ്രദേശം ഒഴികെയുള്ള സ്ഥലങ്ങളിലാണ് സര്‍വേക്ക് കോടതി അനുമതി നല്‍കിയത്. കോടതി നിര്‍ദ്ദേശിച്ച വീഡിയോഗ്രാഫി സര്‍വേയില്‍ 'ശിവലിംഗം' കണ്ടെത്തിയതായി പറയപ്പെടുന്ന പള്ളി സമുച്ചയത്തിലെ സ്ഥലം സീല്‍ ചെയ്യാന്‍ കോടതി നേരത്തെ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചിരുന്നു.
സ്ഥലത്ത് പാര്‍ക്കിങ് സൗകര്യവും ബാരിക്കേഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഭക്തര്‍ക്കും സുഗമമായി 'ദര്‍ശനം' നടത്താം, എല്ലാ സുരക്ഷാ ക്രമീകരണങ്ങളും നിലവിലുണ്ട്, '' കാശി സോണ്‍ ഡിസിപി രാം സേവക് ഗൗതമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സര്‍വേ നടത്തുന്നതിനായി 30 അംഗ എഎസ്‌ഐ സംഘം രാവിലെ ഏഴ് മണിയോടെ പള്ളി സമുച്ചയത്തില്‍ പ്രവേശിച്ചു. ഞായറാഴ്ചയാണ് സംഘം നഗരത്തിലെത്തിയത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, നിയമ തര്‍ക്കത്തിലെ എല്ലാ ഹിന്ദു ഹരജിക്കാരുടെ അഭിഭാഷകരും സ്ഥലത്തുണ്ട്
വെള്ളിയാഴ്ച, വാരണാസി കോടതി, എഎസ്ഐയെക്കൊണ്ട് 'ശാസ്ത്രീയ അന്വേഷണം/സര്‍വേ/ഖനനം' നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി അജയ കൃഷ്ണ വിശ്വേശ എഎസ്‌ഐയോട് 'പ്രശ്‌നത്തിലുള്ള കെട്ടിടത്തിന്റെ മൂന്ന് താഴികക്കുടങ്ങള്‍ക്ക് തൊട്ടുതാഴെയായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ സര്‍വേ നടത്താനും ആവശ്യമെങ്കില്‍ ഖനനം നടത്താനും' നിര്‍ദ്ദേശിച്ചു.
സര്‍വേ നടപടികളുടെ വീഡിയോ പകര്‍ത്താന്‍ നിര്‍ദ്ദേശിച്ച ജഡ്ജി, ഓഗസ്റ്റ് 4-ന് മുമ്പ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് സീല്‍ ചെയ്ത 'വുസുഖാന' പ്രദേശം സര്‍വേയില്‍ നിന്ന് ഒഴിവാക്കും.
യഥാര്‍ത്ഥ കാശി വിശ്വനാഥ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹിന്ദു വിഭാഗം വാദിക്കുന്നത്. വഖഫ് വളപ്പിലാണ് പള്ളി പണിതതെന്നും 1947 ഓഗസ്റ്റ് 15ന് മുമ്പ് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റുന്നത് 1991ലെ ആരാധനാലയങ്ങള്‍ (പ്രത്യേക വ്യവസ്ഥകള്‍) നിയമം വിലക്കിയിട്ടുണ്ടെന്നും മുസ്ലീം വിഭാഗം പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.