ന്യൂഡൽഹി: താജ്മഹലിന്റെ ബേസ്മെന്റിലെ 22 പൂട്ടിയ അറകളെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെ-ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഈ സെല്ലുകളുടെ ചില ഫോട്ടോകൾ പുറത്തുവിട്ടു. ആറു ദിവസം മുൻപാണ് ഈ ഫോട്ടോകൾ എഎസ്ഐ പുറത്തുവിട്ടത്.
താജ്മഹലിന്റെ ചരിത്രത്തെക്കുറിച്ച് വസ്തുതാന്വേഷണം നടത്തണമെന്നും അതിന്റെ 22 മുറികളുടെ വാതിലുകൾ തുറക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മെയ് 12 ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് തള്ളിയിരുന്നു.
താജ്മഹൽ തേജോ മഹാലയ എന്നറിയപ്പെടുന്ന ശിവക്ഷേത്രമാണെന്നും സ്മാരകത്തിന്റെ “യഥാർത്ഥ ചരിത്രം” പ്രസിദ്ധീകരിക്കാൻ വസ്തുതാന്വേഷണ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപിയുടെ അയോധ്യ യൂണിറ്റിന്റെ മീഡിയ ഇൻചാർജ് രജനീഷ് സിംഗ് ലഖ്നൗ ബെഞ്ചിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു.
കോടതി ഉത്തരവിന് ശേഷം, എഎസ്ഐ ഉദ്യോഗസ്ഥർ ആ മുറികളിൽ രഹസ്യമൊന്നുമില്ലെന്നും അവ നിർമിതിയുടെ ഒരു ഭാഗം മാത്രമാണെന്നും താജ്മഹലിന് മാത്രമുള്ളതല്ലെന്നും മുഗൾ കാലഘട്ടത്തിലെ നിരവധി ശവകുടീരങ്ങൾ അക്കാലത്ത് ഇത്തരത്തിൽ നിർമ്മിച്ചിട്ടുണ്ടെന്നും വാദിച്ചിരുന്നു.
ബേസ്മെൻറ് സെല്ലുകളുടെ നാല് ഫോട്ടോഗ്രാഫുകൾ, എഎസ്ഐയുടെ വാർത്താക്കുറിപ്പിൽ പ്രസിദ്ധീകരിച്ചു. അറകളുടെ സംരക്ഷണ പ്രവർത്തനത്തിന് മുൻപും ശേഷവുമുള്ള രണ്ട് വീതം ചിത്രങ്ങളായിരുന്നു അതിൽ.
ഇത് മെയ് 5 ന് ഏജൻസി ചിത്രങ്ങൾ അതിന്റെ വെബ്സൈറ്റിൽ റിലീസ് ചെയ്യുകയും മെയ് 9 ന് അതിന്റെ ഔദ്യോഗിക ഹാൻഡിൽ ട്വീറ്റ് ചെയ്യുകയും ചെയ്തു.
“2021 ഡിസംബറിനും 2022 ഫെബ്രുവരിക്കും ഇടയിലാണ് ആ സെല്ലുകളിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയത്. പ്രസിദ്ധീകരിച്ച ചിത്രങ്ങൾ 2021 ഡിസംബർ മുതൽ ഉള്ളതാണ്,” എഎസ്ഐ ഉദ്യോഗസ്ഥർ പറയുന്നു.