ചെന്നൈ: കീലാടി ഉള്‍പ്പെടെ നാല് സ്ഥലങ്ങളില്‍ ഖനനം തുടരണമെന്ന തമിഴ്‌നാട് പുരാവസ്തു വകുപ്പിന്റെ അഭ്യര്‍ത്ഥനയ്ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ)യുടെ അംഗീകാരം. പുതിയ നീക്കംവഴി സംഗകാലവും സിന്ധു നാഗരികതയും തമ്മിലുള്ള ചരിത്രത്തിലെ 1000 വര്‍ഷത്തെ വിടവ് കൂട്ടിയിണക്കപ്പെടുമെന്നാണു പ്രതീക്ഷ.
ശിവഗംഗയിലെ കീലാടി, ഈറോഡിലെ കൊടുമണല്‍, തിരുനെല്‍വേലിയിലെ ശിവഗാലൈ, തൂത്തുക്കുടിയിലെ ആദിച്ചനല്ലൂര്‍ എന്നിവിടങ്ങളില്‍ ഖനനം തുടരാന്‍ അനുമതി ലഭിച്ചതായി തമിഴ്‌നാട് പുരാവസ്തു വകുപ്പ് കമ്മിഷണര്‍ ടി.ഉദയചന്ദ്രന്‍ ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു. കീലാടി ഖനനത്തില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഉദയചന്ദ്രന്‍.
സംഗകാലഘട്ടത്തിന്റെ ചരിത്രം ബിസി ആറാം നൂറ്റാണ്ടുവരെ പഴക്കമുള്ളതാണെന്നാണു സെപ്റ്റംബറില്‍ കീലാടി ഖനനത്തിനിടെയുള്ള സുപ്രധാന കണ്ടെത്തലുകള്‍ തെളിയിക്കുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പ് ശേഖരിച്ച ആറ് കാര്‍ബണ്‍ സാമ്പിളുകള്‍ അമേരിക്കയില്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. തമിഴ് ബ്രാഹ്മി ലിപി (തമിഴി) ബിസി 580 മുതലുള്ളതാണെന്നും ഈ കണ്ടെത്തലുകളില്‍നിന്നു വ്യക്തമായി. പുതുച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ പുരാവസ്തു അധ്യാപകനായ കെ.രാജന്റെ പഠനമനുസരിച്ച് തമിഴിക്കു ബിസി 490 വരെ പഴക്കമുണ്ടെന്നു നേരത്തെയുണ്ടായിരുന്ന തെളിവുകളനുസരിച്ച് കണ്ടെത്തിയിരുന്നു.
പുതുതായി നടക്കുന്ന ഖനനത്തിലൂടെ സംഗകാലഘട്ടവും സിന്ധുനദീതട നാഗരികതയും തമ്മില്‍ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനുള്ള പാത തുറക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ”ദക്ഷിണേന്ത്യയില്‍ ബിസി 2000 നും ബിസി 600 നും ഇടയില്‍ ഇരുമ്പുയുഗമുണ്ടായിരുന്നു. അതിനാല്‍ കീലാടിയില്‍ കണ്ടെത്തിയ മൺപാത്ര അടയാളങ്ങള്‍ക്ക് സിന്ധുനദീതട കാലഘട്ടവുമായി ബന്ധമുണ്ടാകാമെന്നത് അനുമാനമാണ്,”രാജന്‍ പറഞ്ഞു.
Read Also: ബിഗ് ഷോയുടെ ‘മണിച്ചിത്രത്താഴ്’, ഒരു ‘എഡിറ്റിംഗ് അപാരത’: വീഡിയോ
സിന്ധു ലിപിക്ക് 4,500 വര്‍ഷം പഴക്കമുണ്ടെന്നും സിന്ധു ലിപി അപ്രത്യക്ഷമാകുന്നതിനും ബ്രാഹ്മി ലിപിയുടെ ആവിര്‍ഭാവത്തിനും ഇടയിലുള്ളതാണു കീലാടിയിലെ ശിലാ അടയാളങ്ങളെന്നും സെപ്റ്റംബറില്‍ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള വിശദമായ സംഭാഷണത്തില്‍ രാജന്‍ പറഞ്ഞിരുന്നു. കീലാടിയില്‍നിന്ന് കണ്ടെത്തിയ 1,001 മൺപാത്ര കഷ്‌ണങ്ങൾ ഇരുമ്പുയുഗത്തിലെ ആദ്യകാല രചനകളാണെന്ന് വിശ്വസിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ഗംഗാ സമതലങ്ങളിലേതിനു സമാനമായ വലിയ തോതിലുള്ള ഇഷ്ടിക നിര്‍മാണങ്ങളും ഉയര്‍ന്ന മൂല്യമുള്ള അനുബന്ധ വസ്തുക്കളും കീലാടിയിലെ ഖനനത്തില്‍ കണ്ടെത്തിയിരുന്നു. ഇത് വിരല്‍ചൂണ്ടുന്നത്, ബിസി ആറാം നൂറ്റാണ്ടില്‍ തമിഴ്നാട്ടില്‍ സജീവമായ നഗരജീവിതത്തിലേക്കാണെന്നു സംസ്ഥാന പുരാവസ്തു വകുപ്പ് കമ്മിഷണര്‍ ഉദയചന്ദ്രന്‍ പറഞ്ഞു.
ക്ഷേത്രനഗരമായ മധുരയില്‍നിന്നു 13 കിലോമീറ്റര്‍ തെക്കുകിഴക്കായി വൈഗ നദിയോട് ചേര്‍ന്നാണു കീലാടി ഖനനപ്രദേശം. 2014 നും 2017 നും ഇടയില്‍ മൂന്നു ഘട്ടങ്ങളായാണ് ഇവിടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഖനനം ആരംഭിച്ചത്.
ഒരുകാലത്ത് സജീവമായ നഗരസമൂഹമായിരുന്ന വൈഗ നദീതടം, ധാരാളം വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ നടന്നതായി കരുതുന്ന കീലാടി എന്നിവയെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ വിശദമായ ഖനനം സഹായിക്കുമെന്നു തമിഴ്‌നാട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആഴത്തിലുള്ള ഉത്ഖനനത്തിലൂടെ ഒരുപക്ഷേ, അടുത്ത 20-25 വര്‍ഷത്തിനുള്ളില്‍ മികച്ച ചിത്രം നമുക്ക് ലഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.