ന്യൂഡൽഹി: സച്ചിൻ പൈലറ്റിന് അധികാരത്തോടുള്ള കൊതിയാണ് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്ന് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്. പൈലറ്റിന് ഇപ്പോഴും കോൺഗ്രസിൽ വിശ്വാസമുണ്ടെങ്കിൽ, തിരിച്ചുവന്നാൽ സ്വാഗതം ചെയ്യുമെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

സച്ചിൻ പൈലറ്റ് ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹത്തിന്റെ അഭികാമ്യമല്ലാത്ത അമിത അഭിലാഷത്തിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു. രാജസ്ഥാനിലെ പാർട്ടിയും സർക്കാരും അദ്ദേഹത്തിന് പദവികൾ നൽകിയിരുന്നു. പാർട്ടിയുടെ സംഭാവനയുമായി താരതമ്യപ്പെടുത്തുമ്പോൾ ജീവിതത്തിന്റെ ആദ്യ ഘട്ടത്തിൽ ഒരാൾക്ക് സാധുതയുള്ളതിനേക്കാൾ വളരെ കൂടുതലാണ് ഇത്. മാത്രമല്ല, പാർട്ടി അച്ചടക്കത്തിന്റെയും നടപടിക്രമങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ അദ്ദേഹം കാര്യങ്ങൾ ഉന്നയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി.

Read More: സച്ചിൻ പൈലറ്റിന് ആശ്വാസം; ഹൈക്കോടതി വിധിയ്ക്ക് സ്റ്റേയില്ല

വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണോ എന്ന ചോദ്യത്തിന്, ഒരു തരത്തിലുള്ള ജനാധിപത്യ പ്രക്രിയകളിൽ നിന്നും തങ്ങൾ മാറിനിൽക്കില്ലെന്നും വേണ്ടി വന്നാൽ വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തയ്യാറാണെന്നും പറഞ്ഞ ഗെഹ്ലോട്ട്, അങ്ങനെ നടന്നാൽ തങ്ങൾ വിജയിക്കുമെന്ന ആത്മവിശ്വാസവും പങ്കിട്ടു.

രാജസ്ഥാനിലെ പ്രതിസന്ധി സംസ്ഥാന സർക്കാറിന്റെ പ്രകടനവുമായി ബന്ധപ്പെട്ട ഒന്നല്ലെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി.

“ബിജെപിയുടെ കൈകളിൽ കളിക്കുന്ന ശ്രീ സച്ചിൻ പൈലറ്റിന്റെയും എന്റെ പാർട്ടിയിലെ ഒരു ചെറിയ വിഭാഗം എം‌എൽ‌എമാരുടെയും അമിത അഭിലാഷമാണ് ഈ പ്രശ്‌നം സൃഷ്ടിച്ചത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് നിയമസഭയിൽ നല്ല ഭൂരിപക്ഷമുണ്ട്. ജനങ്ങളുടെ പിന്തുണയും ഞങ്ങൾക്കുണ്ട്. അതിനാൽ സർക്കാർ പൂർണമായും സുസ്ഥിരമാണ്, അതിന്റെ മുഴുവൻ കാലാവധിയും പൂർത്തിയാക്കും.”

അതേസമയം, കൂറുമാറ്റ നിയമപ്രകാരം സ്പീക്കർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരെ സച്ചിൻ പൈലറ്റും 18 വിമത എംഎൽഎമാരും നൽകിയ കേസിൽ സച്ചിൻ പൈലറ്റിന് അനുകൂലമായി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് വിശദമായി വാദം കേള്‍ക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന്‍ പൈലറ്റ് വിഭാഗത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചതോടെയാണ് വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്.

സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാരെ അയോഗ്യരാക്കുന്ന നടപടിയുടെ ഭാഗമായി സ്പീക്കര്‍ നോട്ടീസ് നല്‍കിയിരുന്നു.

Read More in English: Ashok Gehlot: ‘Problem due to Pilot’s over-ambition… will welcome him if he again reposes faith in Congress’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook