/indian-express-malayalam/media/media_files/uploads/2022/09/Rahul-and-Gehlot.jpg)
ന്യൂഡല്‍ഹി: നേതൃത്വം ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുമെന്നു രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. അതേസമയം മുഖ്യമന്ത്രി പദത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ഗെലോട്ട് ഇന്നു രാത്രി കൊച്ചിലെത്തും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം നാളെ കൂടിക്കാഴ്ച നടത്തും. രാഹുൽ പാർട്ടി അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തെ ബോധ്യപ്പെടുത്താനാണ് കേരളത്തിലേക്കുള്ള ഗലോട്ടിന്റെ വരവ്.
നേതൃത്വത്തിന്റെ ഒരു നിര്‍ദേശവും തനിക്കു നിരസിക്കാന്‍ കഴിയില്ലെന്നു സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഗെലോട്ട് പറഞ്ഞു.
''പാര്‍ട്ടി എനിക്ക് എല്ലാം തന്നിട്ടുണ്ട്. 40-50 വര്‍ഷമായി ഞാന്‍ വിവിധ പദവികള്‍ വഹിക്കുന്നു. സ്ഥാനങ്ങളും പദവികളും പ്രധാനമല്ല. നല്‍കിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയെന്നതാണു കൂടുതല്‍ പ്രധാനം. ഇന്നു ഞാന്‍ മുഖ്യമന്ത്രിയാണ്… ആ ഉത്തരവാദിത്തം നിറവേറ്റന്നതു തുടരും,'' ഗെലോട്ട് പറഞ്ഞു.
പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിക്കാനില്ലെങ്കില്‍ മത്സരിച്ചേക്കുമെന്നു രാജസ്ഥാനിലെ എംഎല്‍എമാര്‍ക്ക് ഗെലോട്ട് സൂചന നല്‍കിയതായാണ് വിവരം. എംഎല്‍എമാരുമായി ചേര്‍ന്ന പ്രത്യക യോഗത്തില്‍ താന്‍ എന്നും പാര്‍ട്ടിയുടെ വിശ്വസ്തനായിരുന്നെന്നും നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും ഗെലോട്ട് പറഞ്ഞതായാണ് മനസിലാക്കുന്നത്.
രാഹുല്‍ തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍, പാര്‍ട്ടി പറയുന്നത് അനുസരിക്കുമെന്നാണ് ഗെലോട്ട് വ്യക്തമാക്കിയിരിക്കുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ എംഎല്‍എമാരെ ഗെലോട്ട് ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സെപ്തംബര്‍ 24 മുതല്‍ പത്രിക സമര്‍പ്പിക്കാം. 26-ന് ശേഷമായിരിക്കും ഗെലോട്ട് പത്രിക സമര്‍പ്പിക്കുക എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രമെ ഗെലോട്ട് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടുകയുള്ളെന്ന് രാജസ്ഥാന്‍ മന്ത്രി പ്രതാപ് സിങ് പറഞ്ഞു. ഗെലോട്ടിന്റെ വസതിക്ക് മുന്‍പില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ ആരായരിക്കും രാജസ്ഥാന്റെ മുഖ്യമന്ത്രി എന്ന ചോദ്യത്തിനും പ്രതാപ് സിങ് മറുപടി പറഞ്ഞു. "അശോക് ഗെലോട്ടാണ് മുഖ്യമന്ത്രി, അദ്ദേഹം തുടരുക തന്നെ ചെയ്യും. അതിന് മുകളിലായി ഒന്നുമില്ല. രാജസ്ഥാന്‍ വിട്ടുപോകില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്," പ്രതാപ് സിങ് കൂട്ടിച്ചേര്‍ത്തു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ഗെലോട്ട് രാജിവയ്ക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. കുറച്ചുകാലം കൂടി മുഖ്യമന്ത്രിയായി തുടരണമെന്നും അല്ലെങ്കിൽ അടുപ്പമുള്ള ഒരാളെ തന്റെ പിൻഗാമിയായി നിയമിക്കണമെന്നുമുള്ള ആഗ്രഹം ഗെലോട്ടിനുണ്ടെന്നും പറയപ്പെടുന്നു. കോൺഗ്രസ് വൃത്തങ്ങൾ ഇത് നിഷേധിച്ചു. ഗെലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും ക്യാമ്പുകളിൽ ആശങ്കയുണ്ട്.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനും അടുത്ത മുഖ്യമന്ത്രിയെ നിയമിക്കുന്നതിനും മുന്‍പ് ഗെലോട്ട് സ്ഥാനമൊഴിയണമെന്നാണ് സച്ചിന്‍ പൈലറ്റ് ക്യാമ്പിന്റെ ആഗ്രഹം. ഗെലോട്ട് മുഖ്യമന്ത്രിയായി തുടരുകയും കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്താൽ, തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ അദ്ദേഹത്തിന് സ്വാധീനമുണ്ടാകുമെന്നും അത് പൈലറ്റായിരിക്കില്ലെന്നും അനുയായികൾ കണക്കുകൂട്ടുന്നു.
അതിനിടെ, രാഹുൽഗാന്ധി പാർട്ടി അധ്യക്ഷനാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നു സച്ചിൻ പൈലറ്റ് കൊച്ചിയിൽ പറഞ്ഞു. രാഹുൽ മുന്നിൽനിന്നു നയിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ഇക്കാര്യം രാഹുലുമായി സംസാരിച്ചിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനെത്തിയ സച്ചിൻ പറഞ്ഞു. സച്ചിൻ ഇന്നു രാത്രിയോടെ മടങ്ങും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.