ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. സംസ്ഥാനത്ത് തന്റെ പിൻഗാമിയെ സംബന്ധിച്ച തീരുമാനം പാർട്ടി നേതൃത്വത്തിന് അദ്ദേഹം വിടുകയും ചെയ്തു. കോൺഗ്രസ് തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപി ശശി തരൂരിനെയായിരിക്കും ഗെലോട്ട് നേരിടുക.
22 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങും. രാഹുൽ ഗാന്ധി മത്സരിക്കാത്ത സാഹചര്യത്തിൽ, രണ്ടര പതിറ്റാണ്ടിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ തലപ്പത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് പാർട്ടി. വ്യാഴാഴ്ച രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിൽ കോൺഗ്രസ് അധ്യക്ഷനായി തിരിച്ചെത്താൻ രാഹുലിനോട് ആവശ്യപ്പെട്ടതായി ഗെലോട്ട് പറഞ്ഞു.
”ഇത്തവണ ഗാന്ധി കുടുംബത്തിൽനിന്നുള്ള ആരും മത്സരിക്കേണ്ട എന്നാണ് തങ്ങളുടെ തീരുമാനമെന്ന് രാഹുൽ എന്നോട് പറഞ്ഞു. അദ്ദേഹം ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞു. താൻ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടെന്ന് തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.. താൻ അത് മാനിക്കുന്നു… എന്നാൽ ചില കാരണങ്ങളാൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാൾ ഇത്തവണ കോൺഗ്രസ് അധ്യക്ഷനാകാനാണ് തീരുമാനം,” ഗെലോട്ട് മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മത്സരിക്കാൻ താൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ”രാജസ്ഥാനിൽ മടങ്ങി എത്തിയശേഷം നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി തീരുമാനിക്കും. ഇത് സംഘടനയിലെ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ പ്രശ്നമാണ്, നമുക്കൊരു പുതിയ തുടക്കം കുറിക്കാം,” ഗെലോട്ട് അഭിപ്രായപ്പെട്ടു. രാജ്യത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കോൺഗ്രസ് ശക്തമായ പ്രതിപക്ഷമായി ഉയർന്നുവരേണ്ടത് വളരെ പ്രധാനമാണെന്ന് ഗെലോട്ട് പറഞ്ഞു.
”അതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തും. കോൺഗ്രസിലെ എന്റെ എല്ലാ സഹപ്രവർത്തകരും… അവർ മത്സരിച്ചാലും കാര്യമില്ല. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം, ബ്ലോക്ക്, വില്ലേജ്, ജില്ലാ തലങ്ങളിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് നമ്മൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണണം. നമ്മുടെ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായി മുന്നോട്ട് പോകണമെന്നും അതിലൂടെ ഞങ്ങൾക്ക് ശക്തമായ പ്രതിപക്ഷമായി ഉയർന്നുവരാനാകുമെന്നും ഞാൻ വിശ്വസിക്കുന്നു,” ഗെലോട്ട് പറഞ്ഞു.
രാജസ്ഥാനിലെ തന്റെ പിൻഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് എത്തുമെന്ന ചോദ്യത്തിന്, ”ജനറൽ സെക്രട്ടറി അജയ് മാക്കനും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഇത് തീരുമാനിക്കും.ഞാൻ പ്രസിഡന്റായാൽ… അവിടെ (രാജസ്ഥാൻ) എന്ത് നടപടിയാണ് പിന്തുടരേണ്ടത്… ആ പ്രക്രിയ എപ്പോൾ നടക്കണം… ഇക്കാര്യങ്ങളെല്ലാം അവർ തീരുമാനിക്കും,” എന്നായിരുന്നു ഗെലോട്ടിന്റെ മറുപടി.
വോട്ടെണ്ണൽ ദിവസമായ ഒക്ടോബർ 19 വരെ മുഖ്യമന്ത്രിയായി തുടരാനാണ് ഗെലോട്ട് ക്യാമ്പിൽ നിന്നും ലഭിക്കുന്ന സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്ന പ്രധാന പേരുകളിലൊന്നായ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, തന്നോട് മുഖ്യമന്ത്രിയായി ചുമതലയേൽക്കാൻ പാർട്ടി ആവശ്യപ്പെടുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.
അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏതെങ്കിലും സ്ഥാനാർത്ഥിയെ കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് വക്താക്കളോടും കമ്മ്യൂണിക്കേഷൻ വകുപ്പിലെ ഭാരവാഹികളോടും പാർട്ടി ആവശ്യപ്പെട്ടു. ദേശീയ വക്താവ് ഗൗരവ് വല്ലഭ് വ്യാഴാഴ്ച ട്വിറ്ററിലൂടെ ഗെലോട്ടിനെതിരെ മത്സരിക്കുന്നതിന് തരൂരിനെ ആക്ഷേപിച്ചതിന് പിന്നാലെയാണ് കമ്മ്യൂണിക്കേഷൻ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്.