മുംബൈ: ആദര്‍ശ് ഫ്‌ളാറ്റ് അഴിമതിക്കേസില്‍ മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യുന്നത് ബോംബൈ ഹൈക്കോടതി തടഞ്ഞു. അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി നൽകിയ ഗവർണർ വിദ്യാസാഗര്‍ റാവുവിന്റെ നടപടിയാണ് കോടതി തടഞ്ഞത്. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് ചവാൻ നൽകിയ ഹർജിയിലാണ് ജഡ്ജിമാരായ രഞ്ജിത് മോർ, സാധന, ജാധവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്.

സിബിഐക്ക് പുതുതായി ഒരു തെളിവും ചവാനെതിരെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഐ ഹാജരാക്കിയവ ‘പുതിയ തെളിവുകൾ’ ആണെന്നു കരുതാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഹൈക്കോടതി വിധി നിലവിൽ മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനായ ചവാന് ഏറെ ആശ്വാസം നൽകുന്നതാണ്.

ആദർശ് ഹൗസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്നാണു അശോക് ചവാൻ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ വിധവകൾക്കു വേണ്ടി നിർമിച്ച ആദർശ് പാർപ്പിട സമുച്ചയത്തിലെ രണ്ടു ഫ്ലാറ്റുകൾ ബന്ധുക്കൾക്കു ലഭിക്കാനായി ക്രമക്കേടുകൾ നടത്തിയെന്നാണ് ചവാന് എതിരെ ഉയർന്ന ആരോപണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ