ജോധ്പൂര്‍: ആള്‍ദൈവം അസാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസില്‍ ഇന്ന് വിധി പറയും. വിധിക്കു മുന്നോടിയായി മൂന്നു സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷന്‍ ബ്ലൂ സ്‌റ്റാറില്‍ പിടിക്കപ്പെട്ട സിഖ്‌ തീവ്രവാദികളുടെ വിചാരണയ്‌ക്കായി ജോധ്‌പുര്‍ സെന്‍ട്രല്‍ ജയിലില്‍ നിര്‍മിച്ച പ്രത്യേക കോടതി മുറിയിലാണു ജഡ്‌ജി മധുസൂദന്‍ ശര്‍മ ശിക്ഷ വിധിക്കുക. അക്രമസംഭവങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടില്‍ നാനൂറോളം പേരെ പൊലീസ് കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്.

രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുളളത്. ഈ മൂന്ന് സംസ്ഥാനങ്ങളിലുമാണ് അസാറാം അനുയായികള്‍ കൂടുതലുളളത്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിർദേശപ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്തും ജോധ്പൂരിലെ വിചാരണ കോടതി പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയും കോടതി ജീവനക്കാരും അസാറാമും വിധിക്ക് ശേഷം കോടതിമുറിയില്‍ തന്നെ നില്‍ക്കും. 2013 ഓഗസ്‌റ്റ്‌ 31 നാണു ജോധ്‌പുരിലെ ആശ്രമത്തില്‍വച്ചു 16 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അസാറാം ബാപ്പുവിനെ പിടികൂടിയത്‌. മധ്യപ്രദേശിലെ ചിണ്ട്‌വാര സ്വദേശികളാണു പെണ്‍കുട്ടികളും കുടുംബാംഗങ്ങളും. അസാറാം ബാപ്പുവിന്റെ അനുയായികളുമായിരുന്നു.

പെണ്‍കുട്ടിയും സഹോദരനും ആശ്രമം വക സ്‌കൂളിലെ വിദ്യാര്‍ഥികളുമായിരുന്നു. ഈ പെണ്‍കുട്ടി സ്‌കൂളില്‍ ബോധംകെട്ടു വീണതോടെയാണു പീഡന വിവരം ലോകമറിഞ്ഞത്‌. ദുഷ്‌ട ശക്‌തികളെ ഒഴിപ്പിക്കാനെന്ന പേരില്‍ അസാറാം ബാപ്പു തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പിന്നീടു വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ