ന്യൂഡൽഹി: ബലാത്സംഗ കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിനെ സുപ്രീംകോടതി വിമർശിച്ചു. ഇത്രയും കാലമായിട്ടും ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴിപോലും എടുക്കാത്തതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കേസിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

ആരോഗ്യനില മോശമായതിനാൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ആശാറാം ബാപ്പു നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ജാമ്യാപേക്ഷ തളളി. രാജസ്ഥാനിലും ഗുജറാത്തിലുമായി രണ്ട് ബലാത്സംഗക്കേസുകളാണ് ആശാറാം ബാപ്പുവിനെതിരെയുളളത്.

രാജസ്‌ഥാനിലെ ജോധ്‌പൂരിലുള്ള ആശ്രമത്തിൽ 16 വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തെന്ന കേസിലാണ് 72 കാരനായ ആശാറാം ബാപ്പു അറസ്റ്റിലായത്. 2013 ഓഗഗസ്റ്റ് 15 ന് ആശാറാമിന്റെ നേതൃത്വത്തിലുള്ള വിവിധ ട്രസ്‌റ്റുകൾ നടത്തുന്ന സ്‌കൂളുകളിലൊന്നിലെ വിദ്യാർത്ഥിനിയെ ആശാറാം ബാപ്പുവിന്റെ ആശീർവാദം ലഭിക്കുന്നതിനായി ആശ്രമത്തിലെത്തിച്ചപ്പോഴാണ് ബലാൽസംഗം ചെയ്തതെന്നാണ് ആരോപണം. സൂററ്റിലെ രണ്ട് സഹോദരിമാരെ ആശാറാമും അദ്ദേഹത്തിന്റെ മകൻ “നാരായൺ സായി”യും ബലാൽസംഗം ചെയ്തുവെന്ന മറ്റൊരു കേസുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ