ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തിയതിൽ ഇന്ത്യയിലെ മുസ്ലിംങ്ങൾ ഭയക്കേണ്ട കാര്യമില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഒവൈസി പറഞ്ഞു.
“ഇന്ത്യൻ നിയമങ്ങളും ഭരണഘടനയും നമുക്ക് മതസ്വതന്ത്ര്യം അനുവദിക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമ്പലത്തിൽ പോകാമെങ്കിൽ നിങ്ങൾക്ക് പള്ളിയിലും പോകാം, അഭിമാനത്തോടെ. മോദിക്ക് ഗുഹക്കുള്ളില്‍ പോയി ധ്യാനമിരിക്കാമെങ്കില്‍ മുസ്‌ലീങ്ങള്‍ക്കും പള്ളികളില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കാം. ” അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
ഹൈദരാബാദിൽ നിന്ന് തുടർച്ചയായ നാലാം തവണയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിയാണ് അസദുദ്ദീന്‍ ഒവൈസി. കഴിഞ്ഞ എൻ.ഡി.എ സർക്കാരിന്റെ കാലത്തും ശക്തമായ വിമർശനങ്ങളുയർത്തി ഓവൈസി ശ്രദ്ധ നേടിയിരുന്നു. മുന്നോക്ക സംവരണം ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെ ഓവൈസി ആഞ്ഞടിച്ചിരുന്നു.