ന്യൂഡല്‍ഹി: 2014 മുതല്‍ രാജ്യത്ത് മുസ്ലീങ്ങള്‍ നേരിടുന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് മുത്തലാഖ് ബില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ കൊണ്ടും പൊലീസ് ഭീകരതകൊണ്ടും ന്യൂനപക്ഷങ്ങളെ തകര്‍ക്കാനാവില്ലെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.


ഭരണഘടനയില്‍ അടിയുറച്ച വിശ്വാസമുള്ളിടത്തോളം കാലം അവകാശനിഷേധങ്ങള്‍ക്കും അനീതിയ്ക്കുമെതിരെ നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം. നിയമങ്ങള്‍ സമൂഹത്തെ നവീകരിക്കില്ലെന്നും അങ്ങനയെങ്കില്‍ ശിശു പീഡനവും ഭാര്യയെ ഉപേക്ഷിക്കലും സ്ത്രീധനവുമെല്ലാം ചരിത്രമായി മാറുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


മുത്തലാഖ് നിരോധന നിയമം മുസ്ലിം സ്ത്രീകള്‍ക്കെതിരെയാണെന്നും ഒവൈസി അഭിപ്രായപ്പെട്ടു. മുസ്ലീം സ്ത്രീകളെ തന്നെ അപമാനിച്ചതിനും ഉപദ്രവിച്ചതിനും ജയിലില്‍ കഴിയുന്ന വ്യക്തിയുമായുള്ള വിവാഹത്തില്‍ തുടരാന്‍ നിയമം നിര്‍ബന്ധിതരാക്കുമെന്നും ഒവൈസി പറഞ്ഞു. വിധിയ്ക്ക് ആസ്പദമായ കേസില്‍ മുസ്ലീമുകള്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും ഒവൈസി ഓര്‍മ്മിപ്പിച്ചു.


ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ രാജ്യസഭയിലും ബില്‍ പാസാക്കി ആധിപത്യം തെളിയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തെ 84 പേര്‍ പിന്തുണച്ചപ്പോള്‍ 100 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതും കേന്ദ്ര സര്‍ക്കാരിന് തുണയായി.


ഭരണപക്ഷത്തുള്ള ജെഡിയു, അണ്ണാ ഡിഎംകെ എന്നിവര്‍ മുത്തലാഖ് ബില്ലില്‍ പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി. എങ്കിലും ഭൂരിപക്ഷം ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചു. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ ശക്തമായി എതിര്‍ത്തു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.


ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്‍ നിയമമാകാന്‍ ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മതി. ബില്ലിനെ എതിര്‍ത്തിരുന്ന പ്രതിപക്ഷ പാര്‍ട്ടികളായ സമാജ് വാദി പാര്‍ട്ടി, ടിആര്‍എസ്, ടിഡിപി എന്നിവര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നതാണ് പ്രതിപക്ഷത്തിന് തിരിച്ചടിയായത്. എതിര്‍പ്പുണ്ടായിരുന്ന ജെഡിയു, അണ്ണാ ഡിഎംകെ കക്ഷികള്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയും ചെയ്തില്ല. ഇതോടെ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമായി. സിവില്‍ കുറ്റമായിരുന്ന മുത്തലാഖ് ബില്‍ നിലവില്‍ വരുന്നതോടെ ക്രിമിനല്‍ കുറ്റമാകും.


ഇന്നൊരു ചരിത്ര ദിവസമാണെന്നാണ് ബില്‍ പാസാക്കിയ ശേഷം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞത്. മുസ്ലീം സ്ത്രീകള്‍ക്ക് രണ്ട് സഭകളില്‍ നിന്നും നീതി ലഭിച്ചു എന്നും ഇത് ഇന്ത്യയുടെ മാറ്റത്തിന്റെ ഭാഗമാണെന്നും രവിശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസാക്കിയത്. 303 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തപ്പോള്‍ 82 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ച് ഇറങ്ങി പോയി. തൃണമൂല്‍, ജെഡിയു എംപിമാരും സഭ വിട്ടിറങ്ങി. കേരളത്തില്‍ നിന്നുള്ള സിപിഎം എംപി എ.എം.ആരിഫ്, മുസ്ലീം ലീഗ് എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook