ഹൈദരാബാദ്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി എഐഎംഐഎം അധ്യക്ഷന്‍ അസദുദീന്‍ ഒവൈസി എംപി. കേരളത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നലകുമെന്ന് ഒവൈസി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഒവൈസി പണം നല്‍കുക. പ്രളയത്തില്‍ അകപ്പെട്ട മഹാരാഷ്ട്രയ്ക്കും ഒവൈസി പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. നിരവധി പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കുന്നത്.

കഴിഞ്ഞ ദിവസം മുന്‍ എംപിയായ ഇന്നസെന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ സംഭാവന ചെയ്തിരുന്നു. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂർ കലക്ടറേറ്റിലെത്തിയാണ് ജില്ലാ കലക്ടർ എസ്. ഷാനവാസിന് ഇന്നസെന്റ് കൈമാറിയത്. 25,000 രൂപയാണ് മുൻ എംപി എന്ന നിലയിൽ ഇന്നസെന്റിന് ലഭിക്കുന്ന പ്രതിമാസ പെൻഷൻ. ഒരു വർഷത്തെ പെൻഷൻ തുക പൂർണമായും ദുരിതബാധിതർക്കായി നീക്കിവയ്ക്കുകയാണെന്ന് ഇന്നസെന്റ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താൽപര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ ഫേക്ക് ഐഡി; ജാഗ്രത വേണം

എംപി ആയിരിക്കേ, രണ്ട് സന്ദർഭങ്ങളിലായി ആറ് മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നസെന്റ് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് രണ്ട് മാസത്തേയും 2018ലെ പ്രളയകാലത്ത് നാല് മാസത്തേയും ശമ്പളമാണ് ഇപ്രകാരം നൽകിയത്. ഒട്ടാകെ മൂന്ന് ലക്ഷം രൂപ അന്നും സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറിയിട്ടുണ്ട് മുൻ എംപിയായ ഇന്നസെന്റ്.

സംഭാവന ചെയ്ത കാര്യങ്ങൾ വിളിച്ചു പറയുന്നത് ഇഷ്ടപ്പെടുന്നില്ല. പക്ഷേ, എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവർത്തിച്ചാൽ, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും താൻ കരുതുന്നതായും ഇന്നസെന്റ് പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook