ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഉത്തര്‍ പ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജമായിരിക്കും പ്രിയങ്കയുടെ വരവ് എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ബിജെപിയെ നേരിടാന്‍ എസ്പിയും ബിഎസ്പിയും കൈകോര്‍ത്ത സാഹചര്യത്തില്‍.

കിഴക്കന്‍ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം. അടുത്തമാസമാണ് പ്രിയങ്ക സ്ഥാനം ഏറ്റെടുക്കുക. പക്ഷെ അതിന് മുന്നോടിയായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ഒരു മീറ്റിങ് പ്രിയങ്ക വിളിച്ചു ചേര്‍ക്കുമെന്നുറപ്പാണ്. കിഴക്കന്‍ യുപിയില്‍ 40 ലോകസഭാ സീറ്റുകളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണസിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ തട്ടകം ഗോരഖ്പൂരും ഇതില്‍ ഉള്‍പ്പെടും. ഒരു ഡസനോളം കേന്ദ്ര മന്ത്രിമാരുടെ മണ്ഡലങ്ങളും കിഴക്കന്‍ യുപി മേഖലയിലാണ്.

കൂടാതെ ഗാന്ധി കുടുംബത്തിന്റെ തട്ടകങ്ങളായ അമേഠിയും റായ്ബറേലിയും ഇതേ മേഖലയിലാണ്. രാഹുലും സോണിയയുമാണ് ഇവിടങ്ങളിലെ ജനപ്രതിനിധികള്‍. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതോടെ അവര്‍ റായ്ബറേലിയില്‍ നിന്നും മത്സരിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. മകള്‍ അമ്മയ്ക്ക് പകരക്കാരിയാകുമെന്ന അഭ്യൂഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സജീവമാണ്. ജവഹര്‍ലാല്‍ നെഹ്‌റുവും വിജയ്‌ലക്ഷ്മി പണ്ഡിറ്റും ജയിച്ച ഫൂല്‍പൂരും ഇവിടെയാണ്. എന്നാല്‍ 1984 ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇവിടെ ജയിക്കാന്‍ കോണ്‍്ഗ്രസിന് സാധിച്ചിട്ടില്ല. 2018 ലെ ഉപതിരഞ്ഞെടുപ്പില്‍ ബിഎസ്പി പിന്തുണയോടെ എസ്പി സ്ഥാനാര്‍ത്ഥിയാണ് ജയിച്ചത്.

Read More: പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിലേക്ക്; എഐസിസി ജനറൽ സെക്രട്ടറിയായി നിയമനം

പാര്‍ട്ടിയിലെ അധികാര പദവിയിലേക്ക് പ്രിയങ്ക കടന്നു വരുന്നത് ഇതാദ്യമാണ്. നേരത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും അത് റായ്ബറേലിയിലും അമേഠിയിലും മാത്രമായിരുന്നു. ഗാന്ധി കുടുംബത്തിലെ മകളെന്ന നിലയിലാണ് ഇവിടുങ്ങളെ ജനങ്ങള്‍ പ്രിയങ്കയെ നോക്കി കാണുന്നത്. പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം കാലങ്ങളായി യുപിയിലേയും പുറത്തേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യമായിരുന്നു. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും 2017 ലെ അസംബ്ലി തിരഞ്ഞെടുപ്പിലും പ്രിയങ്കയായിരുന്നു ഇരു മണ്ഡലങ്ങളിലേയും സ്റ്റാര്‍ കാമ്പയിനര്‍. അതേസമയം, 2017 ലെ തിരഞ്ഞെടുപ്പില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തില്‍ സീറ്റ് വിഭജനമടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളിലും പ്രിയങ്കയുടെ ഇടപെടലുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ ഈ സഖ്യം തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

പ്രിയങ്കയുടെ നിയമനത്തോടെ യുപിയില്‍ ഉറച്ച ചുവടുകള്‍ വക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും അതിന് സാധിക്കുമെന്നും കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ 40 മണ്ഡലങ്ങളുടെ ചുമതല പ്രിയങ്ക ഏറ്റെടുക്കും. ഇത് രാഹുലിനെ കൂടുതല്‍ സ്വതന്ത്ര്യനാക്കും. അദ്ദേഹത്തിന് മറ്റ് മണ്ഡലങ്ങളിലെ പ്രചരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാകും.

സമീപ കാലത്ത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സമ്പാദിച്ച നല്ല പേര് പ്രിയങ്കയ്ക്ക് അനുകൂലമാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പ്രത്യേകിച്ചും യുപിയില്‍ പാര്‍ട്ടി ഇമേജ് തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നിടങ്ങളില്‍. വോട്ടര്‍മാരുമായി വളരെ എളുപ്പത്തില്‍ സംവദിക്കാന്‍ സാധിക്കുന്ന പ്രചാരകയായാണ് പ്രിയങ്കയെ വിലയിരുത്തുന്നത്. ഇന്ദിരാഗാന്ധിയുമായുള്ള രൂപസാദൃശ്യവും ഇതിന് സഹായിക്കും. വോട്ടര്‍മാരുടെ വൈകാരികതയെ വോട്ടാക്കി മാറ്റുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

Read Also: അനിയത്തിക്ക് കഴിവുണ്ടെന്ന് രാഹുല്‍, ഭാര്യയുടെ കൂടെ ഉണ്ടെന്ന് റോബര്‍ട്ട് വാദ്ര; പ്രിയങ്കയ്ക്ക് ആശംസാപ്രവാഹം

വ്യക്തിപരമായി പ്രിയങ്കയെ സംബന്ധിച്ചിടത്തോളം പുതിയ ചുമതല ഏറെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ചും മറ്റ് ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായുളള ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍. ഒരുപരിധി വരെയെങ്കിലും പ്രിയങ്കയ്ക്ക് ചെയ്ത് കാണിക്കാനായാല്‍ അത് യുപിയിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നുറപ്പാണ്. പ്രധാനമായും രണ്ട് അളവുകോലുകളാകും പ്രിയങ്കയുടെ വിജയ-പരാജയങ്ങളെ നിശ്ചയിക്കുക. ഒന്ന്, ബിജെപിയുടെ വോട്ട് ബാങ്കായ സവര്‍ണ വോട്ടുകള്‍ തിരിച്ചു വിടാന്‍ എത്ര മാത്രം പ്രിയങ്കക്ക് സാധിക്കുന്നു എന്നതാണ്. രണ്ട്, എസ്പി-ബിഎസ്പി സഖ്യത്തില്‍ എന്ത് സ്വാധീനമാണ് പ്രിയങ്കയുടെ രംഗപ്രവേശനത്തോടെ ഉണ്ടാകാന്‍ പോവുക എന്നതാണ്.

രണ്ട് ചോദ്യങ്ങളുടേയും ഉത്തരം വരും ആഴ്ചകളില്‍ പ്രചരണം ആരംഭിക്കുന്നതോടെ ലഭിച്ചു തുടങ്ങും. വോട്ടര്‍മാരുടേയും എസ്പി-ബിഎസ്പി സഖ്യത്തിന്റേയും പ്രതികരണങ്ങള്‍ അപ്പോള്‍ അറിയാന്‍ സാധിക്കും. അതുപോലെ തന്നെ, ഗോരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിച്ചതിലൂടെ ബിജെപിയുടെ സവര്‍ണ വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചെന്നതും സ്മരിക്കേണ്ടതുണ്ട്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ വിജയത്തില്‍ കോണ്‍ഗ്രസിന്റെ റോള്‍ പ്രധാനപ്പെട്ടതായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook