ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും അദ്ദേഹത്തെ ബാധിക്കാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. ബുലന്ദ്ഷഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍, രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ച് നസറുദ്ദീന്‍ ഷാ നടത്തിയ പ്രസ്താവന ഏറ്റു പിടിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

ലാഹോറിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ്, നസറുദ്ദീന്‍ ഷായുടെ പ്രസ്താവനയെക്കുറിച്ച് ഖാന്‍ പറഞ്ഞത്. തനിക്ക് തന്റെ മക്കളുടെ കാര്യമോര്‍ക്കുമ്പോള്‍ പേടി തോന്നുന്നുണ്ടെന്നും, മുസ്‌ലിം മതവിഭാഗത്തിലുള്ളവരെ തുല്യ പൗരന്മാരായി കണക്കാക്കാത്ത ഇന്ത്യയില്‍ ജീവിക്കേണ്ടെന്ന് മുഹമ്മദലി ജിന്നയുടെ പ്രസ്താവനയെ കുറിച്ചും നസറുദ്ദീന്‍ ഷാ പറഞ്ഞിരുന്നു.

Read More: പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാള്‍ പ്രാധാന്യം പശുവിന്റെ മരണത്തിന്: നസറുദ്ദീന്‍ ഷാ

ഇതേറ്റുപിടിച്ചുകൊണ്ട്, ന്യൂനപക്ഷപങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് എങ്ങനെ ഭരിക്കാമെന്ന് താന്‍ മോദിക്ക് കാണിച്ച് കൊടുക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. മോദിയുടേത് പോലെയല്ല, ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വവും തുല്യ നീതിയും ഉറപ്പു വരുത്തുന്ന സര്‍ക്കാരാകും തന്റേതെന്നും ഖാന്‍ പറഞ്ഞിരുന്നു.

ഇതിനുള്ള മറുപടിയുമായാണ് ഇപ്പോള്‍ നസറുദ്ദീന്‍ ഷാ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ കഴിഞ്ഞ എഴുപത് വര്‍ഷമായി ജനാധിപത്യ രാജ്യമാണെന്നും ഇന്ത്യയിലെ കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് അറിയാമെന്നും നസറുദ്ദീന്‍ ഷാ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

Read More: ‘നിങ്ങള്‍ക്ക് പട്ടാളക്കാരെ കല്ലെറിയാനുളള സ്വാതന്ത്ര്യം ഈ രാജ്യത്തുണ്ട്’; നസറുദ്ദീന്‍ ഷായെ പരിഹസിച്ച് അനുപം ഖേര്‍

ബുലന്ദ്ഷഹര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിനെ വെടിവെച്ചുകൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നസറുദ്ദീന്‍ ഷാ തന്റെ അഭിപ്രായം പങ്കുവച്ചിരുന്നു. രാജ്യത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കാള്‍ പ്രാധാന്യം ഒരു പശുവിന്റെ ജീവനാണ് എന്നായിരുന്നു ഷായുടെ പ്രസ്താവന. ഇന്ത്യയിലാണ് തന്റെ കുട്ടികള്‍ വളര്‍ന്നുവരുന്നത് എന്നതില്‍ താന്‍ ഇപ്പോള്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിയമം കൈയ്യിലെടുക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്ന ഭീതിയില്ലാത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ”വിഷം ഇതോടകം വ്യാപിച്ചു കഴിഞ്ഞു. അതിനി തിരിച്ചെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് ശിക്ഷിക്കപ്പെടും എന്ന പേടിയേ ഇല്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Read More: നസറുദ്ദീൻ ഷായ്ക്ക് എതിരെ പ്രതിഷേധം; അജ്‌മീർ സാഹിത്യോത്സവത്തിന് നേരെ കല്ലേറ്

നസറുദ്ദീന്‍ ഷായുടെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ അനുപം ഖേര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഇപ്പോള്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ എന്ത് സ്വാതന്ത്ര്യമാണ് ഷായ്ക്ക് വേണ്ടതെന്ന് അനുപം ഖേര്‍ ചോദിച്ചു. കൂടാതെ വിവിധ ഹിന്ദു സംഘടനകളും അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook