ന്യൂഡൽഹി: രാജസ്​ഥാൻ- ഹരിയാന അതിർത്തിയിൽ പശുക്കളുമായി പോവുകയായിരുന്ന ഉമര്‍ മുഹമ്മദിനെ ഗോരക്ഷാ അക്രമികള്‍ മര്‍ദ്ദിച്ചും വെടിവെച്ചും കൊലപ്പെടുത്തിയ അന്നാണ് അദ്ദേഹത്തിന്റെ ഭാര്യയെ പ്രസവവേദന കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാജസ്​ഥാനിലെ അൽവാർ ജില്ലയിൽ ഗോവിന്ദ്​ ഗന്ദിന്​ സമീപം നവംബര്‍ 10 വെള്ളിയാഴ്​ചയാണ്​​ സംഭവം നടന്നത്. ഉമ്മറിനോടൊപ്പമുണ്ടായിരുന്ന രണ്ടു സഹായികൾക്കും​ പരിക്കേറ്റിരുന്നു​. ഉമറിനെ കൊലപ്പെടുത്തിയതിന് ശേഷം അക്രമികള്‍ മൃതദേഹത്തിന്റെ തലയും അറുത്തെടുത്ത് ക്രൂരത കാട്ടി.

ബുധനാഴ്ച്ചയാണ് അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തതിന് ശേഷം അടക്കം ചെയ്യാനായി വീട്ടിലെത്തിയച്ചത്. അതേദിനം തന്നെയാണ് പഹാദിയിലെ ഒരു കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് 38കാരിയായ ഖുര്‍ഷിദ ഉമര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പിതാവിന്റെ മൃതദേഹം അടക്കം ചെയ്യാനായി കൊണ്ടുവന്ന അന്ന് തന്നെയാണ് കുഞ്ഞിനേയും വീട്ടിലെത്തിച്ചത്. നൂറുകണക്കിന് പേരാണ് ഗാട്മിക ഗ്രാമത്തിലെത്തി ഈ ഹൃദയം നുറുക്കുന്ന കാഴ്ച്ചയ്ക്ക് സാക്ഷികളായത്.

ഗോരക്ഷാ ഗുണ്ടകൾ വെടിവെച്ചുകൊന്ന സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിലെ മേവാതിൽ നിന്ന്​ രാജസ്​ഥാനിലെ ഭരത്​പൂരിലേക്ക്​ പശുക്കളുമായി പോവുകയായിരുന്ന ഉമ്മർ മുഹമ്മദായിരുന്നു​ (42) കൊല്ലപ്പെട്ടത്. മൃതദേഹം വെളളിയാഴ്ച്ച റെയില്‍വെ ട്രാക്കില്‍ നിന്നാണ് കണ്ടെത്തിയത്.
അറസ്റ്റിലായവര്‍ ഗോരക്ഷാ പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി. രാംവീര്‍ ഗുജ്ജാര്‍, ഭഗവന്‍ സിംഗ്, എന്നിവരാണ് അറസ്റ്റിലായിട്ടുളളത്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്ക് ശേഷം മൃതദേഹം വികൃതമാക്കിയതായും ഇവര്‍ സമ്മതിച്ചു.

രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലേക്ക് വാഹനത്തില്‍ പശുക്കളെ കൊണ്ടുപോകുന്നതിനിടെയാണ് ഉമ്മര്‍ഖാനും, സഹായി താഹിറും ആക്രമിക്കപ്പെട്ടത്. ആക്രമത്തില്‍ പരിക്കേറ്റ ഉമ്മര്‍ഖാന്‍ ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഉമ്മര്‍ഖാനെ ആക്രമിച്ചതിന് ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു.
ഗുതുതരമായി പരിക്കേറ്റ താഹിര്‍ ചികിത്സയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ വാഹനത്തില്‍ പശുക്കളെ കൊണ്ടുപോയതിന് പെഹ്‌ലുഖാനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതും അല്‍വാറിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook