ഗുവാഹത്തി: ഡിസംബര്‍ 13 മുതല്‍ മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ സജീവമായി അപകടം നടന്നതിന്റെ 16ാം ദിവസം നാവികസേനയുടെ മുങ്ങല്‍വിദഗ്ദന്മാരും ഉയര്‍ന്ന ശക്തിയുളള പമ്പുകളുമായി ട്രക്കുകളും ജൈന്റിയമലനിരകളിലേക്ക് പുറപ്പെട്ടു. 10 പമ്പുകളുമായി ഒഡിഷ അഗ്നിശമന സേനാ വിഭാഗം എത്തി. ഇവര്‍ ഖനിയില്‍ നിന്നും വെളളം പുറത്തേക്ക് കളയാന്‍ ആരംഭിച്ചിട്ടുണ്ട്.
20 പമ്പുകള്‍ ഉപയോഗിച്ച് വെളളം പുറത്തേക്ക് കളയാനും രക്ഷാപ്രവര്‍ത്തകരെ എയര്‍ലിഫ്റ്റ് ചെയ്യാനും ആണ് വ്യോമസേന ശ്രമിക്കുക. പ്രദേശത്ത് പമ്പ് ഉദ്പാദക കമ്പനിയായ കിര്‍ലോസ്കര്‍ ബ്രദേഴ്സിന്റെ സംഘവും സഹായത്തിനായി ഉണ്ട്. ഇത് വരെയുളള തിരച്ചിലില്‍ മൂന്ന് ഹെല്‍മറ്റുകള്‍ മാത്രമാണ് കണ്ടെത്താനായിട്ടുളളത്.
എലിമാളം പോലെ വഴികളുളള ഖനിയില്‍ വെളളം കയറി 15 പേരാണ് കുടുങ്ങിയിരുന്നത്. വെളളം പുറത്തേക്ക് കളയാന്‍ സഹായകമായ ഉപകരണം ഇല്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാക്കിയത്.
100 കുതിരശക്തിയുളള പമ്പ് ഉപയോഗിച്ച് മാത്രമാണ് ഖനിയിലെ വെളളം പുറത്തേക്ക് കളയാനാവുക. 25 കുതിര ശക്തിയുളള പമ്പ് ഉപയോഗിച്ചാണ് നേരത്തേ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ഇത് ഫലപ്രദമാകാതെ വന്നതോടെയാണ് കേന്ദ്രസേന സ്ഥലത്തെത്തേക്ക് തിരിച്ചത്.
70 അടി താഴ്ചയോളം വെളളമാണ് ഇപ്പോഴുളളത്. കൽക്കരി മൂലം രക്ഷാപ്രവര്‍ത്തകര്‍ക്ക് 30-40 അടി താഴ്ചയിൽ കൂടുതൽ പോകാൻ സാധിക്കുന്നില്ല. തെളിഞ്ഞ വെള്ളത്തിൽ ഒരാൾക്ക് അഞ്ചടി താഴെ വരെ സാധാരണ കാഴ്ച ലഭിക്കും. ചെളി വെള്ളത്തിൽ ഇത് മൂന്നടിയായി കുറയും. എന്നാൽ ഇപ്പോൾ 300 അടി താഴ്ചയുള്ള ഖനിയിലെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ഇടുങ്ങിയ അറകളിൽ ഇരുട്ടിൽ തപ്പുകയാണ് രക്ഷാപ്രവർത്തകർ.ഖനിക്ക് സമീപത്തെ നദിയിൽ വെള്ളം കയറിയതു മൂലം ഖനിയിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. 1992ല്‍ ഇതേ മലനിരയില്‍ തന്നെ ഖനിയില്‍ വെളളം നിറഞ്ഞ് 30 തൊഴിലാളികള്‍ മരിച്ചിരുന്നു.