ന്യൂഡൽഹി: കോവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകള്‍ അടയ്ക്കുന്നതിന് ആറുമാസമായി നിലനില്‍ക്കുന്ന മൊറട്ടോറിയം അവസാനിക്കുന്നു. ഓഗസ്റ്റ് 31ന് മൊറട്ടോറിയം അവസാനിക്കുമെന്നും നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

പൊതുമേഖല, പബ്ലിക് ലിമിറ്റഡ്, സഹകരണ മേഖലയിലുള്ള ബാങ്കുൾക്കെല്ലാം ഈ തീരുമാനം ബാധകമാണ്. ബാങ്കുകളിൽനിന്ന്‌ എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാം.

മഹാമാരിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായ ഭവന വായ്പ എടുത്തവര്‍ക്ക് മൊറട്ടോറിയം ആശ്വാസമായിരുന്നു. മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി ആറ് മാസത്തേക്കായിരുന്നു മൊറട്ടോറിയം.

Read More: കോവിഡ് കാല മൊറട്ടോറിയം: ഭവന വായ്പ പലിശയും ഇഎംഐയും കുറയ്ക്കാന്‍ എന്താണ് ചെയ്യേണ്ടത്?

വായ്പ തിരിച്ചടവ് നിർത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർമുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കേണ്ടിവരും. നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവർഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക. അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാൻ സാവകാശം കിട്ടും. മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാർച്ചിനുള്ളിൽ അടച്ചുതീർത്താൽ മതി.

എന്നാൽ വിദ്യാഭ്യാസ വായ്പകൾക്ക് ഇളവുകൾ ലഭിക്കും എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 10 മുതൽ 11 ശതമാനം നിരക്കിൽ ബാങ്കുകളിൽനിന്നും വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ പുനക്രമീകരിക്കാം. വിദ്യാഭ്യാസ വായ്പ റിപ്പോ നിരക്കിലേക്ക് മാറ്റിയാൽ പലിശ നിരക്ക് കുറച്ചുകിട്ടും. റിസർവ് ബാങ്ക്, ബാങ്കുകൾക്ക് നൽകുന്ന വായ്പാ നിരക്കാണിത്. ചില ബാങ്കുകൾ, റിപ്പോ നിരക്കിലേക്ക് വിദ്യാഭ്യാസ വായ്പ മാറ്റാമെന്ന് കാണിച്ച് അറിയിപ്പുകൾ നൽകിത്തുടങ്ങി.

മെയ് മാസത്തിലായിരുന്നു റിസർവ് ബാങ്ക് രണ്ടാം ഘട്ട മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതിനു പുറമേ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവും വരുത്തിയിയിരുന്നു‌. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി. റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനത്തില്‍നിന്ന്‌ 3.35 ശതമാനമാക്കിയും കുറച്ചിരുന്നു.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് ആർബിഐ ഡയറക്ടർ ശക്തികാന്ത ദാസ പറഞ്ഞിരുന്നു. നടപ്പുസാമ്പത്തിക വർഷം രാജ്യത്തെ ആഭ്യന്തര വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തുമെന്നും ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്നും ആർബിഐ ഗവർണർ പറഞ്ഞിരുന്നു.

ആഭ്യന്തര ഉത്‌പാദന വളർച്ചാ നിരക്ക് രണ്ട് ശതമാനം ആയിരിക്കുമെന്ന കേന്ദ്ര സർക്കാർ കണക്കുകളെ തള്ളുന്നതായിരുന്നു ആർബിഐ ഗവർണറുടെ പ്രസ്‌താവന. ആഭ്യന്തര വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read in Enlgish: As loan restructuring plan takes shape, moratorium unlikely to stay beyond August 31

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook