ന്യൂഡൽഹി: യുക്രൈൻ യുദ്ധത്തിനിടയിലും കുറഞ്ഞ നിരക്കിൽ റഷ്യയിൽനിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി യുഎസ് നയതന്ത്രപ്രതിനിധി. യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യയുടെ വരുമാനം കുറയ്ക്കുകയെന്നതാണ് വാഷിങ്ടൺ പോളിസിയുടെ ലക്ഷ്യമെന്നും അത് രാജ്യങ്ങളുടെ പരമാധികാര തീരുമാനമാണെന്നും എലിസബത്ത് ജോൺസ് പറഞ്ഞു.
എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിലൂടെ റഷ്യയുടെ വരുമാനം കുറയ്ക്കുകയാണ് ലക്ഷ്യം. യുക്രൈനിൽ യുദ്ധം തുടരുന്ന റഷ്യയ്ക്ക് ഇത് തിരിച്ചടിയാകും. അതാണ് ഞങ്ങളുടെ ലക്ഷ്യം. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾ ഇക്കാര്യം കണക്കിലെടുക്കണം. അതൊരു പരമാധികാര തീരുമാനമാണ്, പരമാധികാര തീരുമാനമായിരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
തങ്ങളുടെ പൗരന്മാരുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനും റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്നുള്ള നാണയപ്പെരുപ്പത്തിന്റെ ആഘാതം ജനങ്ങളിൽ കുറയ്ക്കുന്നതിനുമാണ് തങ്ങൾ എണ്ണ വാങ്ങുന്നതെന്നാണ് റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനെ ഇന്ത്യ എപ്പോഴും പ്രതിരോധിച്ചിരുന്നത്.
യുക്രൈനില്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് പുടിന് ഭരണകൂടത്തെ ഒറ്റപ്പെടുത്തുന്നതിന് രാജ്യാന്തര ഉപരോധം ഏര്‍പ്പെടുത്തിയതിനുശേഷവും വിലക്കിഴിവിൽ റഷ്യ വാഗ്ദാനം ചെയ്ത അസംസ്കൃത എണ്ണ ഇന്ത്യ വാങ്ങുന്നത് തുടരുന്നുണ്ട്. യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് റഷ്യ ഇന്ത്യയ്ക്കും മറ്റ് വലിയ ഇറക്കുമതിക്കാര്‍ക്കും കുറഞ്ഞ വിലയില്‍ എണ്ണയും മറ്റ് ചരക്കുകളും വാഗ്ദാനം ചെയ്തത്.
റഷ്യ-യുക്രൈന് യുദ്ധത്തിനു മുൻപ് രാജ്യത്തെ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമായിരുന്നു റഷ്യന്നിന്നുള്ള എണ്ണ വിഹിതം. ഇപ്പോഴിത് 18 ശതമാനത്തിന് മുകളിലാണ്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇന്ത്യയ്ക്ക് റഷ്യ ക്രൂഡ് ഓയിൽ നൽകുന്നത്.