Tamil Nadu Groom: ഗൂഡല്ലൂര്‍: വിവാഹത്തിന് വധൂവരന്മാര്‍ക്ക് സുഹൃത്തുക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ പലപ്പോഴും മറ്റുള്ളവരെ ഞെട്ടിക്കാറുണ്ട്, വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ ഇത്തരത്തില്‍ ‘വിലപിടിച്ച’ ഒരു സമ്മാനം നല്‍കിയാണ് സുഹൃത്തുക്കള്‍ വധൂവരന്മാരെ ഞെട്ടിച്ചത്.

പെട്രോള്‍ വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതില്‍ രാജ്യമുടനീളം പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അഞ്ചുലിറ്റര്‍ പെട്രോള്‍ വിവാഹ സമ്മാനമായി നല്‍കിയാണ് ഈ സുഹൃത്തുക്കള്‍ വാര്‍ത്തയില്‍ ഇടം നേടിയത്. പുതിയ തലമുറൈ ടെലിവിഷനാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചുറ്റുമുള്ളവര്‍ ഈ സമ്മാനം കണ്ട് നിര്‍ത്താതെ ചിരിക്കുന്നുണ്ട്. ചിരിയടക്കാന്‍ കഴിയാത്ത വധൂവരന്മാരെയും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് വരന്‍ ഈ സമ്മാനം വാങ്ങുന്നതും 39 സെക്കന്റ് വീഡിയോയില്‍ കാണാന്‍ കഴിയും.

തമിഴ്‌നാട്ടില്‍ പെട്രോള്‍ വില 85 രൂപ 15 പൈസയാണ്. രാജ്യത്ത് ഏറ്റവും വിലകൂടിയ വസ്തുവായി പെട്രോള്‍ മാറുന്നു എന്നു സൂചിപ്പിച്ചുകൊണ്ടാണ് വിവാഹ സമ്മാനമായി ഇവര്‍ പെട്രോള്‍ തന്നെ തിരഞ്ഞെടുത്തത്.

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ആശങ്കയുണ്ടെന്നും ഇതിന് പരിഹാരം കണ്ടെത്താന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടെന്നും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook