ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി കുറയുന്ന പ്രവണത കാണിക്കുന്ന സാഹചര്യത്തില്‍ അധിക നിയന്ത്രണങ്ങള്‍ അവലോകനം ചെയ്ത് ഭേദഗതി വരുത്താനോ അല്ലെങ്കില്‍ അവസാനിപ്പിക്കാനോ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങക്കും കത്തയച്ചു.
കേസുകളുടെ എണ്ണവും വ്യാപനവും ദിവസവും നിരീക്ഷിക്കുന്നത് തുടരണമെന്നു കത്തില്‍ നിര്‍ദേശിക്കുന്നു. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്മെന്റ്, വാക്സിനേഷന് എന്നീ പഞ്ചതല കോവിഡ് നിയന്ത്രണ തന്ത്രങ്ങള്‍ പിന്തുടരാനും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം,കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിരോധനങ്ങളും നിയന്ത്രണങ്ങളും പിന്‍വലിക്കുന്ന ആദ്യ സംസ്ഥാനമായി അസം മാറി. ഇതോടെ കോവിഡ് രാജ്യത്ത് പടര്‍ന്നുപിടിക്കുന്നതിന് മുമ്പുള്ള സാധാരണ നിലയിലേക്ക് സംസ്ഥാനം തിരിച്ചെത്തിയിരിക്കുകയാണ്.
കോവിഡ് കേസുകള്‍ കുറയുന്ന സാചര്യത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ തുറക്കാനാണു തീരുമാനം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,615 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളുടെ ശരാശരി അരലക്ഷത്തില്‍ താഴെയെത്തി. രോഗവ്യാപന നിരക്ക് 2.4 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,70,420 ആണ്. 82,988 അസുഖബാധിതര്‍ രോഗമുക്തി നേടി. 514 മരണമാണ് കോവിഡ് മൂലം ഇന്നലെ രാജ്യത്ത് സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന് നഷ്ടമായവര്‍ 5,09,872 ആയി.
രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടര്‍ന്ന കേരളത്തിലാണ് നിലവില്‍ അധിക സജീവ കേസുകള്‍ കൂടുതല്‍. 1.24 ലക്ഷം പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിതരായിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കേസുകള്‍ അരലക്ഷത്തിന് താഴെയാണ്.
ജനുവരി രണ്ടിനു ശേഷം ആദ്യമായി മുംബൈയില്‍ ഒരു കോവിഡ് മരണം പോലും രേഖപ്പെടുത്തിയില്ല. അതേസമയം, പ്രതിദിന കേസുകള്‍ തിങ്കളാഴ്ചത്തെ 192ല്‍നിന്ന് 235 ആയി ഉയര്‍ന്നു.