ആഗോളതലത്തിലെ ചിപ്പ് ക്ഷാമം വിതരണ ശൃംഖലയെ ബാധിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ, ചിപ്പുകൾ ആവശ്യമുള്ള ഫീച്ചറുകൾ വെട്ടിക്കുറച്ച് ഉപഭോക്താക്കൾക്കുള്ള കാലതാമസം കുറയ്ക്കാനുള്ള ശ്രമത്തിലാണ് വാഹന കമ്പനികൾ. ഉദാഹരണത്തിന്, പുതിയ കാറുകൾ ഡെലിവറി ചെയ്യുന്ന സമയത്ത് വാഹന നിർമ്മാതാക്കൾ ഒരു താക്കോൽ മാത്രം നൽകുന്നു. അടുത്തത് മറ്റൊരു തീയതിയിൽ നൽകുമെന്ന് ഉറപ്പ് നൽകുന്നു.
മറ്റുള്ളവർ ചെറിയ ഡിസ്‌പ്ലേ സ്‌ക്രീനുകളോ മ്യൂസിക് സിസ്റ്റങ്ങളില്ലാത്തതോ ആയ കാറുകൾ വിതരണം ചെയ്യുന്നു. ഇങ്ങനെ ചില ഫീച്ചറുകൾ വെട്ടിക്കുറച്ചിട്ടും, നിരവധി മോഡലുകൾക്കായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് നീളുന്നുണ്ട്.
രണ്ടു താക്കോലുകൾക്കുപകരം ഒരു താക്കോൽ നൽകിയാണ് ഹുണ്ടായും ടാറ്റ മോട്ടോഴ്സും കാറുകൾ ഡെലിവറി ചെയ്യുന്നത്. അടുത്ത ആറു മാസത്തിനുള്ളിൽ രണ്ടാമത്തെ താക്കോൽ നൽകാമെന്നാണ് കമ്പനികളുടെ ഉറപ്പ്. ടാറ്റയുടെ ഹാച്ച്ബാക്കായ ടിയാഗോയുടെ മ്യൂസിക് സിസ്റ്റമില്ലാതെ ഒരു പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. സ്‌കോഡ, കുഷാക്കിലെയും സ്ലാവിയയിലെയും ഡിസ്‌പ്ലേ സ്‌ക്രീനുകളുടെ വലിപ്പം 10 ഇഞ്ചിൽ നിന്ന് 8 ഇഞ്ചായി കുറച്ചിട്ടുണ്ട്.
ബാങ്കിങ്, ടെലികമ്മ്യൂണിക്കേഷൻ മേഖലകളും ചിപ്പ് ക്ഷാമത്താൽ നില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കാർഡ് നൽകുന്നതിൽ കാലതാമസം ഉണ്ടാകുമെന്ന് ബാങ്ക് ശാഖകൾ ഉപഭോക്താക്കളോട് പറയുന്നതായി വൃത്തങ്ങൾ അറിയിച്ചു. സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, മൊബൈൽ നിർമ്മാതാക്കളോട് വിലകുറഞ്ഞ (10,000 രൂപയിലധികം) ഫോണുകളിൽ പോലും ഇസിംസിന് (eSIMS) സ്ലോട്ടുകൾ നൽകാൻ ആവശ്യപ്പെടണമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിനോട് നിർദേശിച്ചു. ഈ ഫോണുകൾ ചെലവേറിയതാക്കുമെന്നതിനാൽ നിർദിഷ്ട നീക്കത്തെ ഇന്ത്യൻ സെല്ലുലാർ ഇലക്ട്രോണിക്സ് അസോസിയേഷൻ എതിർത്തു.
അതിനിടെ, ചിപ്പ് ക്ഷാമം കാരണം സിം കാർഡുകളുടെ വില അഞ്ചിരട്ടിയായിട്ടുണ്ട്. കോവിഡിനെ തുടർന്നുണ്ടായ ലോകമെമ്പാടുമുള്ള ലോക്ക്ഡൗൺ ആണ് ചിപ്പുകളുടെ വിതരണത്തെ ബാധിച്ചത്. പല ചിപ്പ് നിർമ്മാണ കമ്പനികളും അടച്ചുപൂട്ടാൻ നിർബന്ധിതരായി.
”ഓട്ടോമൊബൈൽ കമ്പനികൾ അവരുടെ ഉൽപ്പാദന പാറ്റേണുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. കുറച്ച് ചിപ്പുകൾ ആവശ്യമുള്ള, കുറച്ച് ഫീച്ചറുകളുള്ള കാറുകളുടെ ചില മോഡലുകൾ അവർ നിർമ്മിച്ചു. വ്യത്യസ്‌ത വേരിയന്റുകളിലും മോഡലുകളിലും ചില മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങൾക്ക് ധാരാളം മോഡലുകൾ ഉള്ളതിനാൽ മാരുതി സുസുക്കിക്ക് ഇത് സാധ്യമാണ്. എർട്ടിഗ, ബ്രെസ്സ, സ്വിഫ്റ്റ് എന്നിവയ്‌ക്ക് പകരം ഞങ്ങൾ കൂടുതൽ ആൾട്ടോ, സ്‌പ്രെസോ, വാഗൺ ആർ എന്നിവ നിർമ്മിക്കുന്നു. ചില മോഡലുകളുടെ ഡെലിവറി കാലയളവ് വളരെ നീണ്ടതാണെന്നതാണ് ഇതിന്റെ നെഗറ്റീവ് വശം,” മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
2022-ന്റെ രണ്ടാം പകുതിയിൽ കൂടുതൽ ചിപ്പുകൾ ലഭ്യമാകുമെന്നാണ് ജെ.പി.മോർഗൻ പറയുന്നത്. അടുത്ത മാസം ഇന്ത്യയിൽ ആരംഭിക്കുന്ന ഉത്സവ സീസണിൽ ആവശ്യത്തിന് ചിപ്പുകളുടെ വിതരണം ഉണ്ടാകുമെന്നാണ് ഇതിനർത്ഥം. എന്നാൽ 2024 നു മുൻപ് സ്ഥിതിയിൽ മാറ്റമുണ്ടാകില്ലെന്നാണ് ചില പ്രവചനങ്ങൾ പറയുന്നത്.