ന്യൂഡല്‍ഹി : തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഹിന്ദി മേഖലയില്‍ ശക്തി ചോരുകയാണ് എങ്കിലും ലോകസഭയിലെ മേധാവിത്വം നിലനിര്‍ത്തുവാനുള്ള തന്ത്രങ്ങളിലാണ് ബിജെപി നേതൃത്വം ഇപ്പോള്‍ ശ്രദ്ധ പതിപ്പിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തിലുള്ള ഈ ശ്രമങ്ങള്‍ വേണ്ടത്ര വിജയം കാണുന്നില്ലെന്നതാണ് വസ്തുത. വര്‍ഷത്തില്‍ ആറുമാസം എങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആളെ കിട്ടാത്തതാണ് ബിജെപി ദേശീയ നേതൃത്വത്തെ കുഴക്കുന്നത്. തെക്കും കിഴക്കുമായുള്ള ഏഴു സംസ്ഥാനങ്ങളിലാണ് ബിജെപി ഈ ബുദ്ധിമുട്ടനഭവിക്കുന്നത്. 1109 മണ്ഡലങ്ങള്‍ അടങ്ങുന്ന പശ്ചിമ ബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഒട്ടാകെയായി പാര്‍ട്ടിക്ക് മുഴുവന്‍ സമയപ്രവര്‍ത്തകരായി ലഭിച്ചത് വെറും 470 പേരെയാണ്. പാര്‍ട്ടിയുടെ വ്യാപനം ലക്ഷ്യമിട്ടുകൊണ്ട് ദേശീയ അദ്ധ്യക്ഷന്‍ അമിത ഷാ നയിക്കുന്ന ‘പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്യായ കാര്യ വിസ്ഥാര്‍ യോജന’ എന്ന പദ്ധതിയുടേതാണ് ഈ കണക്കുകള്‍. കഴിഞ്ഞ മാസം നടന്ന യോഗത്തിലാണ് ഈ കണക്ക് അവതരിപ്പിച്ചത്.

ദീന്‍ദയാല്‍ ഉപാധ്യയുടെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അമിത് ഷാ തന്നെ 95 ദിവസം (ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ) നീണ്ട ഒരു ദേശീയ ക്യാമ്പൈനു ഇറങ്ങിപുറപ്പെട്ടിരുന്നു. ഓരോ മണ്ഡലത്തിലും ഒരു മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ എന്നതായിരുന്നു അന്ന് ഷാ മുന്നോട്ടു വച്ച ലക്ഷ്യം. തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയിലും ബിജെപിയുടെ കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറക്കുന്ന കാഴ്ചയാണ് കണ്ടത്. തങ്ങള്‍ക്ക് ശക്തമായ അടിത്തറയുണ്ടെന്നു കണക്കാക്കുന്ന കര്‍ണാടകത്തിലെ 224 അസംബ്ലി മണ്ഡലങ്ങളിലായി പാര്‍ട്ടിക്ക് ലഭിച്ചത് വെറും 51 മുഴുവന്‍ സമയപ്രവര്‍ത്തകരെയാണ്. അതില്‍ മൂന്നു വനിതകള്‍ മാത്രമാണ് ഉള്ളത് എങ്കില്‍ മുസ്ലീംങ്ങളും ക്രിസ്ത്യാനികളും അടക്കം ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ഒരാളെ പോലും കണ്ടെത്താന്‍ നേതൃത്വത്തിനു സാധിച്ചില്ല.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് കുറഞ്ഞത് 200 മുഴുവന്‍ സമയപ്രവര്‍ത്തകര്‍ കൂടി വേണമെന്നാണ് ദേശീയ നേത്രുത്വം കണക്കാക്കുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും സ്ഥിതിയും മറിച്ചല്ല. ആന്ധ്രയില്‍ 175 മണ്ഡലങ്ങളിലായി വെറും 16 പ്രവര്‍ത്തകാരെ ലഭിച്ചപ്പോള്‍ തെലങ്കാനയിലെ 119 മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുവാനായി ലഭിച്ചത് 91 പേരെയാണ്. അമിത് ഷായേയും ആര്‍എസ്എസിനേയും സംബന്ധിച്ച് അഭിമാന പ്രശ്നമായിരിക്കുന്ന കേരളത്തിലും ഇതേ അവസ്ഥ തന്നെ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍റെ ‘കേരളരക്ഷായാത്ര’യോടനുബന്ധിച്ചു കേന്ദ്രമന്ത്രിമാരുടേയും ദേശീയ നേതാക്കളുടെയും നീണ്ടനിര തന്നെ കണ്ട കേരളത്തില്‍ വെറും 41 പേരെയാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരായി പാര്‍ട്ടിക്ക് കൂടെ നിര്‍ത്താന്‍ സാധിച്ചത്. ഇതില്‍ പത്ത് പേരുമായുള്ള ധാരണ ആറുമാസത്തേക്ക് മാത്രമാണ്.

തങ്ങളുടെ ശക്തികേന്ദ്രങ്ങളെക്കാള്‍ പതിന്മടങ്ങ്‌ ശാഖകളാണ് ആര്‍എസ്എസിനു കേരളത്തില്‍ ഉള്ളത് എന്നതാണ് മറ്റൊരു രസകരമായ വസ്തുത. 5,000 ഓളം ആര്‍എസ്എസ് ശാഖകളുള്ള സംസ്ഥാനമാണ് കേരളം. തമിഴ്‌നാടും ബിജെപിയെ സംബന്ധിച്ച് ബാലികേറാമലയായി തുടരുന്നു. 234 അസംബ്ലി മണ്ഡലങ്ങളുള്ള തമിഴ്നാട്ടില്‍ 108 പേരാണ് മുഴുവന്‍ സമയ പ്രവര്‍ത്തകരായുള്ളത്. ദേശീയ നേത്രുത്വത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇനിയും 84 പേരെ കണ്ടെത്തേണ്ടതുണ്ട്. 2019ല്‍ നടക്കുന്ന ഉത്തര്‍പ്രദേശ്‌, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ നില പരുങ്ങലിലായേക്കാം എന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് അമിത്ഷാ തെന്നിന്ത്യയിലേക്കും കിഴക്കേയിന്ത്യയിലേക്കും പാര്‍ട്ടിയെ വളര്‍ത്താനും സീറ്റുകളുടെ എണ്ണം നിലനിര്‍ത്താനുമുള്ള തന്ത്രങ്ങള്‍ മെനയുന്നത്.

294മണ്ഡലങ്ങലുള്ള പശ്ചിമ ബംഗാളാണ് പാര്‍ട്ടി വളര്‍ച്ച ലക്ഷ്യംവെച്ചിട്ടുള്ള മറ്റൊരു സംസ്ഥാനം. ഇവിടെ നിന്നും ആകെ 93 പേരെ മാത്രം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനത്തിനു ലഭിച്ചപ്പോള്‍. ഒഡീഷയില്‍ മാത്രമാണ് സാമാന്യം മെച്ചപ്പെട്ട വളര്‍ച്ച കൈവരിക്കാന്‍ ബിജെപിക്ക് സാധിച്ചത്. 147 അസംബ്ലി മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 197 പേരെയാണ് പ്രവര്‍ത്തനത്തിനായി ലഭിച്ചത്. 2019 പാര്‍ലമെന്‍റ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുകൊണ്ട് രാജ്യത്തെ 4,120 മണ്ഡലങ്ങളിലും ഒരാളെ വച്ചെങ്കിലും മുഴുവന്‍ സമയ പ്രവര്‍ത്തനം നടത്തണം എന്നാണ് ബിജെപി തീരുമാനം എന്ന് ഒക്ടോബര്‍ 22ലെ സണ്ടേ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്ത്രീകളും അതുപോലെ തന്നെ ന്യൂനപക്ഷങ്ങളും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ വരുന്നില്ല എന്നതാണ് ദേശീയ നേതൃത്വത്തെ അലട്ടുന്ന മറ്റൊരു കാര്യം. കേരളത്തില്‍ ഒട്ടാകെ അഞ്ചു സ്ത്രീകളും ഒരു ക്രിസ്തീയ വിശ്വാസിയും മാത്രമാണ് മുഴുവന്‍ സമയ ബിജെപി പ്രവര്‍ത്തകരായി പാര്‍ട്ടിക്കൊപ്പമുള്ളത്. കര്‍ണാടകത്തില്‍ മൂന്നു സ്ത്രീകളെ പ്രവര്‍ത്തകരായി ലഭിച്ചപ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും ഒരാളെ പോലും കൂടെ നിര്‍ത്താന്‍ നേതൃത്വത്തിനു സാധിച്ചില്ല. ആന്ധ്രാപ്രദേശില്‍ രണ്ടു മുസ്ലീംമത വിശ്വാസികളെ കൂടെ നിര്‍ത്താന്‍ സാധിച്ചുവെങ്കിലും ഒരൊറ്റ സ്ത്രീപോലും ഇല്ല. തെലങ്കാനയില്‍ ഈ രണ്ടുവിഭാഗത്തില്‍ നിന്നും പ്രതിനിധികളില്ല. തമിഴ്നാട്ടില്‍ എട്ടു വനിതകളാണ് മുഴുവന്‍ സമയവും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.

ദീന്‍ദയാല്‍ ഉപാദ്ധ്യായ വിസ്ഥാരക് പദ്ധതിയുടെ ഭാഗമായി 2019 തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ആറുമാസം മുതല്‍ പന്ത്രണ്ട് മാസം വരെ മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ തയ്യാറായവരെ ലക്ഷ്യമിടാനാണ് കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ദേശീയ എക്സിക്യുട്ടീവില്‍ അമിത് ഷാ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ