മുംബൈ: ക്രൂയിസ് കപ്പല്‍ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റി. മുംബൈ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹ്ത്തഗിയാണ് ഹാജരായത്. മജിസ്‌ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തന്റെ ഹർജി തള്ളിയതിനെ തുടർന്നാണ് ആര്യൻ ഹൈക്കോടതിയെ സമീപിച്ചത്.
ആര്യൻ ഖാനിൽ നിന്ന് മയക്കുമരുന്ന് വീണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം മയക്കുമരുന്ന് കഴിച്ചതായി മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടില്ലെന്നും റോഹ്ത്തഗി വാദിച്ചു. “എന്റെ കക്ഷിയെ (ആര്യൻ ഖാൻ) അറസ്റ്റ് ചെയ്യാൻ ഒരു സാഹചര്യവുമില്ല,” റോഹ്ത്തഗി ഹൈക്കോടതിയോട് പറഞ്ഞു. എൻസിബി കണ്ടെടുത്ത വാട്ട്‌സ്ആപ്പ് ചാറ്റുകൾക്ക് ക്രൂയിസ് കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻസിബിയുടെ സമീർ വാങ്കഡെയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമായും എൻസിപിയുടെ നവാക് മാലിക്കും ക്രൂയിസ് കേസിലെ സാക്ഷിയുമായ പ്രഭാകർ സെയിലിന്റെ ആരോപണങ്ങളുമായും ആര്യന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജാമ്യാപേക്ഷയെ എതിര്‍ന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ബോംബെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ആര്യൻ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യത്തിൽ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും ഏജന്‍സി പറഞ്ഞു.
അന്താരാഷ്ട്ര ലഹരി മരുന്ന് ശൃംഖലയുടെ ഭാഗമായിട്ടുള്ള വിദേശികളുമായി ആര്യൻ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഏജന്‍സി പറയുന്നു. ലഹരി മരുന്ന് വാങ്ങുന്നതിലും വിതരണത്തിലും ആര്യന് പങ്കുണ്ടെന്ന് പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തി. അർബാസ് മർച്ചന്റിൽ നിന്നാണ് ലഹരി മരുന്ന് വാങ്ങിയതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സൂപ്രണ്ട് വി.വി. സിങ് മുഖേനെയാണ് എന്‍സിബി സത്യവാങ്മൂലം സമര്‍പ്പിച്ചത്. “ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ആര്യനും കൂട്ടുപ്രതിയായ അർബാസ് മർച്ചന്റും പരസ്പരം സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇത് എന്‍ഡിപിഎസ് ആക്ട് സെക്ഷന്‍ 29 പ്രകാരം കുറ്റകൃത്യം ചെയ്യാന്‍ പര്യാപ്താമാണ്,” വി.വി. സിങ് പറഞ്ഞു.
കേസിലെ സാക്ഷികളിലൊരാളായ പ്രഭാകർ സെയിലിന്റെ സത്യവാങ്മൂലത്തെക്കുറിച്ചും എൻസിബി പരാമർശിച്ചു. അന്വേഷണം അട്ടിമറിക്കാനുള്ള തെറ്റായ ശ്രമങ്ങളാണ് നടക്കുന്നതെന്നും എന്‍സിബി പറയുന്നു. സോണൽ ഡയറക്ടർ സമീർ വാങ്കഡെയും മറ്റ് സാക്ഷികളും കേസിൽ പണം തട്ടാൻ ശ്രമിച്ചുവെന്ന സെയിലിന്റെ വാദത്തെ ശരിവയ്ക്കുന്ന തെളിവുകള്‍ ഇല്ല എന്നും എന്‍സിബിയുടെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
കേസില്‍ ഉള്‍പ്പെട്ട എല്ലാ വ്യക്തികളും ലഹരി മരുന്ന് ശൃംഖലയുടെ ഭാഗമാണ്. നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഇവരുടെ പങ്കാളിത്തം തള്ളിക്കളയാനാകില്ലെന്ന് അന്വേഷണത്തിലൂടെ വ്യക്തമായി. പ്രതികളെല്ലാം പൊതുവായ ഒന്നിന്റെ മുഖ്യ കണ്ണികളാണ്. വേര്‍പ്പെടുത്താനാകാത്ത ഒന്നാണിതെന്നും അന്വേഷണ ഏജന്‍സി.
അതേസമയം, ആര്യൻ ഖാൻ എൻസിബിയുടെ ആരോപണങ്ങൾ നിഷേധിച്ചു. ആര്യന്‍ ഖാന്റെ രേഖാമൂലമുള്ള സബ്മിഷനിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. “എൻസിബി മുംബൈ സോണൽ ഡയറക്ടറും ചില രാഷ്ട്രീയക്കാരും തമ്മിൽ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ആരോപണ പ്രത്യാരോപണവുമായി അപേക്ഷകന് ബന്ധമില്ല. പ്രഭാകര്‍ സെയിലുമായി അപേക്ഷകന് ബന്ധമില്ല. എതിര്‍കക്ഷികളുടെ വാദങ്ങളെ സ്വാധീനിക്കാതെ മെറിറ്റ് അടിസ്ഥാനത്തില്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കണം,” ആര്യന്‍ ഖാന്റെ സബ്മിഷനില്‍ പറയുന്നു.
ആര്യൻ ഖാനുവേണ്ടി മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഗിയാണ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മജിസ്‌ട്രേറ്റും സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആര്യൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഒക്ടോബര്‍ രണ്ടാം തിയതിയാണ് ക്രൂയിസ് കപ്പല്‍ ലഹരി മരുന്ന് കേസില്‍ ആര്യന്‍ പിടിയിലായത്. മൂന്നാം തിയതി അറസ്റ്റും രേഖപ്പെടുത്തി.