മുംബൈ: മുംബൈ തീരത്ത് ക്രൂയിസ് കപ്പലില്‍നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയാക്കിയ പ്രത്യേക കോടതി ഹർജി ഈ മാസം ഇരുപതിന് വിധി പറയുന്നതിനായി മാറ്റിവച്ചു. 20 വരെ ആര്യൻ ഖാൻ ജയിലിൽ തുടരും.
ആര്യൻ ഖാൻ കഴിഞ്ഞ കുറേ വർഷങ്ങളായി സ്ഥിരമായി ലഹരി മരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഒരു അന്തിമ ഉപഭോക്താവെന്ന നിലയിൽ ആര്യൻ ഖാൻ മയക്കുമരുന്ന് ദുരുപയോഗം ബാധിച്ച വ്യക്തിയാണെന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അമിത് ദേശായി വാദിച്ചു. സ്കൂൾ കോളേജ് കുട്ടികളോട് അനുഭാവ പൂർവം ഇത്തരം കേസുകളിൽ ഇടപെടണമെന്ന് രാജ്യത്തെ മയക്കുമരുന്ന് നയം വ്യവസ്ഥ ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാജ്യങ്ങളും മയക്കുമരുന്ന് കടത്തും മയക്കുമരുന്ന് ദുരുപയോഗവും ഗൗരവമായി കാണണമെന്ന് അന്താരാഷ്ട്ര കൺവെൻഷൻ തീരുമാനമെടുത്തിട്ടുണ്ടെന്നും അത് സമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തെയും ബാധിക്കുന്നുവെന്നും എൻസിബിയുടെ അഭിഭാഷകൻ അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) അനിൽ സിങ് പറഞ്ഞു. “ഇവർ ചെറുപ്പക്കാരാണ്, അവർ കുട്ടികളാണ് എന്ന വാദം ഉയർന്നു. ജാമ്യം നൽകുന്നതിനുള്ള പരിഗണനകളിൽ ഒന്നായിരിക്കാം അത്. ഞാൻ ഇതിനോട് യോജിക്കുന്നില്ല. നിങ്ങൾ ഭാവി തലമുറയാണ്. രാജ്യം മുഴുവൻ ഈ തലമുറയെ ആശ്രയിച്ചിരിക്കും, ”അദ്ദേഹം കോടതിയിൽ പറഞ്ഞു.
ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയെ ഇന്നലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എതിര്‍ത്തിരുന്നു. ഗൂഢാലോചന, അനധികൃത ശേഖരണം, ലഹരിമരുന്ന് ഉപഭോഗം എന്നിവയില്‍ ആര്യന്‍ഖാന്റെ പങ്ക് ഇതുവരെയുള്ള അന്വേഷണം വെളിപ്പെടുത്തുന്നതായി എന്‍സിബി കോടതിയെ അറിയിച്ചു.
ലഹരിമരുന്നുകള്‍ ശേഖരിക്കുന്ന അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമായ ചില വ്യക്തികളുമായി ആര്യന്‍ ഖാന്‍ ബന്ധപ്പെട്ടിരുന്നതായും എന്‍സിബി സത്യവാങ്മൂലത്തില്‍ ആരോപിച്ചു. വിദേശത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഏജന്‍സി അറിയിച്ചു.
Also Read: രാജ്യത്ത് 18,987 പേര്‍ക്ക് കോവിഡ്, 246 മരണം; 2.06 ലക്ഷം സജീവ കേസുകള്‍
അതേസമയം, ‘അനധികൃത മയക്കുമരുന്ന് കടത്ത്’ എന്ന ആര്യനെതിരായ എന്‍സിബിയുടെ ആരോപണത്തെ ‘സഹജമായ അസംബന്ധം’ എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിശേഷിപ്പിച്ചത്. പരിഷ്‌കരണ സമീപനം ആവശ്യമാണെന്നും തന്റെ കക്ഷി ധാരാളം കഷ്ടത അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാനെയും സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റിനെയും മോഡല്‍ മുന്‍മും ധമേച്ചയെയും 10 ദിവസം മുന്‍പാണ് എന്‍സിബി അറസ്റ്റ് ചെയ്തത്.