ക്രൂയിസ് കപ്പൽ മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരോപിച്ച പ്രതികൾ തമ്മിലുള്ള ഗൂഢാലോചന തെളിയിക്കാൻ പോസിറ്റീവ് തെളിവുകളൊന്നുമില്ലെന്ന് കേസിലെ ആര്യൻ ഖാൻ അടക്കമുള്ള പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ ബോംബെ ഹൈക്കോടതി.
ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, അർബാസ് മെർച്ചന്റ്, മോഡൽ മുൻമുൻ ധമേച്ച എന്നിവർക്ക് ജാമ്യം അനുവദിച്ച വിശദമായ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
എൻസിബിയുടെ ക്രൂയിസ് റെയ്ഡിനെത്തുടർന്ന് ഒക്ടോബർ രണ്ടിന് അറസ്റ്റിലായ മൂന്ന് പേർക്ക് ജസ്റ്റിസ് നിതിൻ സാംബ്രെയുടെ സിംഗിൾ ബെഞ്ച് ഒക്ടോബർ 28 ന് ജാമ്യം അനുവദിച്ചിരുന്നു.14 പേജുകളുള്ള വിശദമായ ഉത്തരവ് ശനിയാഴ്ച ഉച്ചയോടെ കോടതി ലഭ്യമാക്കി.
ആര്യനിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലെങ്കിലും, മർച്ചന്റ്, ധമേച്ച എന്നിവരിൽ നിന്ന് ചെറിയ അളവിൽ മയക്കുമരുന്ന് കണ്ടെടുത്തെന്നും പറഞ്ഞ എൻസിബി ഇവരും വാണിജ്യ അളവിലുള്ള മയക്കുമരുന്ന് കണ്ടെത്തിയ മറ്റുള്ളവരുമുൾപ്പെടെ എല്ലാ പ്രതികളും കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ടവരാണെന്നും അവകാശപ്പെട്ടിരുന്നു.
Also Read: കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടികൾ: നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള പ്രക്രിയ ഇങ്ങനെയാണ്
എന്നാൽ മൂന്ന് പേരും കുറ്റകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തിയെന്നോ കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്നോ അനുമാനിക്കാൻ വകയില്ലെന്ന് കോടതി പറഞ്ഞു.
“പൊതു ഉദ്ദേശ്യത്തോടെ എല്ലാ കുറ്റാരോപിതരും നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യാൻ സമ്മതിച്ചുവെന്ന് ഈ കോടതിയെ ബോധ്യപ്പെടുത്താൻ പോസിറ്റീവ് തെളിവുകളൊന്നും രേഖയിലില്ല, ”കോടതി പറഞ്ഞു.
അപേക്ഷകർ വാണിജ്യപരമായ അളവിലുള്ള മയക്കുമരുന്ന് കൈവശം വയ്ക്കുകയെന്ന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഈ ഘട്ടത്തിൽ അനുമാനിക്കാൻ പ്രയാസമാണെന്നും ഉത്തരവിൽ പറഞ്ഞു.
ഗൂഢാലോചനക്കുറ്റം സ്ഥാപിക്കാൻ നടപടികളുടെ ഈ ഘട്ടത്തിൽ ഉയർന്ന തെളിവുകൾ ആവശ്യമില്ലെന്ന് എൻസിബി വാദിച്ചപ്പോൾ, അടിസ്ഥാന വസ്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കണം എന്ന വസ്തുതയെക്കുറിച്ച് ബോധ്യം വേണമെന്ന് ഹൈക്കോടതി പറഞ്ഞു.
“കേവലം അപേക്ഷകർ ക്രൂയിസിൽ യാത്രചെയ്യുകയായിരുന്നതിനാൽ, അപേക്ഷകർക്കെതിരെ സെക്ഷൻ 29 (ഗൂഢാലോചന) വ്യവസ്ഥകൾ പ്രയോഗിക്കുന്നതിനുള്ള തൃപ്തികരമായ അടിത്തറയായി ഇതിനെ കണക്കാക്കാനാവില്ല,” കോടതി പറഞ്ഞു.
ആര്യന്റെ ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് ചാറ്റുകൾ കണ്ടെടുത്തതായുള്ള എൻസിബിയുടെ അവകാശവാദത്തിൽ, ഗൂഢാലോചന തെളിയിക്കാൻ “ആക്ഷേപകരമായതൊന്നും” കണ്ടെത്തിയിട്ടില്ലെന്ന് കോടതി പറഞ്ഞു.
പ്രതികൾ മയക്കുമരുന്ന് കഴിച്ചതായി സമ്മതിച്ചുവെന്ന എൻസിബിയുടെ അവകാശവാദത്തിൽ, മൂവരും തങ്ങളുടെ പങ്കാളിത്തം അംഗീകരിച്ചുവെന്ന വാദം തെളിവായി സ്വീകാര്യമല്ലാത്ത കുറ്റസമ്മത മൊഴികളായതിനാൽ പരിഗണിക്കാനാവില്ലെന്ന് ഉത്തരവിൽ പറയുന്നു.
ഈ ആരോപണം പരിഗണിച്ചാലും ഉപഭോഗത്തിനുള്ള പരമാവധി ശിക്ഷ ഒരു വർഷത്തിൽ കൂടരുതെന്ന് കോടതി പറഞ്ഞു.
“അപേക്ഷകർ ഇതിനകം 25 ദിവസത്തോളം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്രസക്തമായ സമയത്ത് അവർ മയക്കുമരുന്ന് കഴിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ അപേക്ഷകരെ വൈദ്യപരിശോധനയ്ക്ക് പോലും വിധേയമാക്കിയിട്ടില്ല, ”കോടതി പറഞ്ഞു.
പ്രതികൾ നൽകിയ കുറ്റസമ്മത മൊഴികളെ എൻസിബിയും ആശ്രയിക്കുന്നുണ്ടെങ്കിലും, അന്വേഷണ ആവശ്യത്തിന് മാത്രമായി അതും പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.
“…അത്തരം കുറ്റസമ്മത മൊഴികൾ അന്വേഷണ ഏജൻസിക്ക് അന്വേഷണ ആവശ്യത്തിന് മാത്രമേ പരിഗണിക്കാനാകൂവെന്നും എൻഡിപിഎസ് നിയമപ്രകാരം അപേക്ഷകർ ആരോപിക്കപ്പെട്ട കുറ്റം ചെയ്തിട്ടുണ്ടെന്ന് അനുമാനിക്കുന്നതിനുള്ള ഒരു കാര്യമായി ഉപയോഗിക്കാനാവില്ലെന്നും ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്,” കോടതി പറഞ്ഞു.
മൂന്ന് പേർക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇതുവരെ 12 പേരെ പ്രത്യേക കോടതി ജാമ്യത്തിൽ വിട്ടയച്ചു. ഇതുവരെ 20 പ്രതികളെ എൻസിബി കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.