ലോകത്തിലെ ഏറ്റവും ഭാരം കൂടിയ കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായതായി റിപ്പോർട്ട്. ഇന്തോനീഷ്യയിൽനിന്നുളള 10 വയസ്സുകാരനായ ആര്യ പെർമാനയാണ് വണ്ണം കുറയ്ക്കാനായി ശസ്ത്ര ക്രിയ നടത്തിയത്. ‘മിറർ’ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമിത വണ്ണം മൂലം പെർമാനയ്ക്ക് നടക്കാൻ കഴിയുന്നില്ല. മകനുളള വസ്ത്രം കണ്ടെത്താൻപോലും മാതാപിതാക്കൾ ബുദ്ധിമുട്ടുന്നു. ഈ സാഹചര്യത്തിൽ മകനെ രക്ഷിക്കണമെന്ന മാതാപിതാക്കളുടെ നിരന്തര അഭ്യർഥനയെത്തുടർന്ന് പെർമാനയ്ക്ക് ഡോക്ടർമാർ കടുത്ത ഡയറ്റ് ഏർപ്പെടുത്തി. പഴങ്ങളും പച്ചക്കറികളും മാത്രമാണ് കഴിക്കാൻ നിർദേശിച്ചത്. ഇതിലൂടെ ആറുകിലോ കുറഞ്ഞു. തുടർന്നാണ് ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ സമ്മതിച്ചത്. തുടർന്ന് ഏപ്രിൽ 17 ന് പെർമാനയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം പെർമാനിയയുടെ വണ്ണം കുറഞ്ഞതായാണ് മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുളളിൽ പെർമാന്റെ വണ്ണം 16 കിലോ കുറഞ്ഞതായാണ് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ”മകനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുളള തീരുമാനം ഏറെ ബുദ്ധിമുട്ടിയാണ് എടുത്തത്. അവനിപ്പോൾ 20 കിലോ കുറഞ്ഞിട്ടുണ്ട്. ഇതു പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്നാലും അവന്റെ പ്രായത്തിലുളള കുട്ടികളെ അപേക്ഷിച്ച് അവന് വണ്ണം കൂടുതലാണ്. ഒരു ദിവസം അവന്റെ വണ്ണം കുറഞ്ഞ് മറ്റു കുട്ടികളെപ്പോലെ ആകുമെന്ന് പ്രതീക്ഷയുണ്ടെന്നും” പെർമാന്റെ മാതാവ് പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

192 കിലോയാണ് പെർമാനയ്ക്ക് ഉണ്ടായിരുന്നത്. ഒരു ദിവസം അഞ്ചു നേരം ഭക്ഷണം കഴിയ്ക്കും. ചോറും മത്സ്യവും ബീഫും വെജിറ്റബിൾ സൂപ്പും എല്ലാം അടങ്ങിയ വിഭവ സമൃദ്ധമായ ഭക്ഷണമാണ് പെർമാന കഴിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ