ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ മകളെ തട്ടിക്കൊണ്ടുപോവുമെന്ന് ഭീഷണി. 23കാരിയായ ഹര്‍ഷിദയെ തട്ടിക്കൊണ്ടുപോവുമെന്ന് കേജ്‌രിവാളിന് ഇ-മെയില്‍ സന്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് കേജ്‌രിവാള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരാണ് മെയില്‍ അയച്ചതെന്ന് വ്യക്തമായിട്ടില്ല.
‘നിങ്ങളുടെ മകളെ ഞങ്ങള്‍ തട്ടിക്കൊണ്ടു പോവും. അവളെ സംരക്ഷിക്കാന്‍ കഴിയുന്നതൊക്കെ നിങ്ങള്‍ ചെയ്തോളു,’ എന്നായിരുന്നു മെയില്‍ സന്ദേശം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇ-മെയില്‍ അക്കൗണ്ടിലേക്കായിരുന്നു ബുധനാഴ്ച സന്ദേശം വന്നത്. പൊലീസിന് പരാതി ലഭിച്ചതോടെ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. കേജ്‌രിവാളിന്റെ മകള്‍ക്ക് ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ പൊലീസ് ഏര്‍പ്പാടാക്കി.
കേജ്‌രിവാളിനും ഭാര്യ സുനിതയ്ക്കും രണ്ട് മക്കളാണുളളത്. ഹര്‍ഷിതയും സഹോദരന്‍ പുല്‍കിതും. 2014ല്‍ ഐഐടി പ്രവേശന പരീക്ഷയില്‍ പാസായ ഹര്‍ഷിദ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഐഐടിയില്‍ എൻജിനീയറിങ് കോഴ്സാണ് ഹര്‍ഷിദ ചെയ്യുന്നത്. തന്റെ മകള്‍ ഐഐടിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ച് വരുന്നത് വരെ തങ്ങള്‍ക്ക് ആധിയാണെന്ന് കേജ്‌രിവാള്‍ 2015ല്‍ പറഞ്ഞിരുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
വീട്ടില്‍ നിന്നും ഒരല്‍പം ദൂരെയാണ് മെട്രോ സ്റ്റേഷന്‍ എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘മുഖ്യമന്ത്രി ആയിരുന്നിട്ട് കൂടി എനിക്ക് എന്റെ മകളുടെ കാര്യം ഓര്‍ത്ത് പേടി തോന്നാറുണ്ട്. അപ്പോള്‍ ഒരു സാധാരണക്കാരന്റെ മാനസികാവസ്ഥ എന്തായിരിക്കും,’ കേജ്‌രിവാള്‍ ചോദിച്ചു.