/indian-express-malayalam/media/media_files/02CHXoHo9cjcILfyse3V.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ അരവിന്ദ് കെജ്രിവാൾ
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരാകില്ല. പകരം മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയിലേക്കാണ് അദ്ദേഹം പോകുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മൻ അദ്ദേഹത്തോടൊപ്പം കൂടെയുണ്ടാകും. വിവാദമായ ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിനെ ഇ ഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
കേന്ദ്ര ഏജൻസിയുടേത് നിയമവിരുദ്ധവും രാഷ്ട്രീയപരവുമായ നീക്കമാണെന്ന് കെജ്രിവാൾ കേന്ദ്ര ഏജൻസിക്ക് അയച്ച മറുപടിക്കത്തിൽ പറയുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ താൻ പ്രചാരണത്തിന് പോകാതിരിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നതെന്നും ഈ സാഹചര്യത്തിലാണ് തന്നെ തടയാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഇ ഡി ഈ സമൻസ് നോട്ടീസ് ഉടൻ പിൻവലിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും, എഎപി രാജ്യസഭാ എംപി സഞ്ജയ് സിങ്ങും ഇതിനോടകം ജയിലിലായ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ആം ആദ്മി പാർട്ടി അധ്യക്ഷനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നേരത്തെ, ഇ ഡി ഓഫീസിൽ കെജ്രിവാളിന് ഹാജരാകുന്നതിനായി ഡൽഹി പൊലിസ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഇ ഡി ഓഫീസ്, രാജ്ഘട്ട്, എഎപി ഓഫീസ് എന്നിവയ്ക്ക് ചുറ്റും പൊലിസ് വിന്യാസം വർധിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കേസിൽ ആറ് മാസം മുമ്പ് സിബിഐ കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ സഖ്യ നേതാക്കളെ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് എഎപി ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us