scorecardresearch
Latest News

സത്യേന്ദര്‍ ജെയിന്‍ പത്തുകോടി രൂപ വാങ്ങിയെന്ന് ആരോപണം; മോര്‍ബി ദുരന്തത്തില്‍നിന്ന് ശ്രദ്ധതിരിക്കാനെന്ന് കേജ്‌രിവാള്‍

2017ലും 2019ലും സത്യേന്ദ്ര ജെയിന്‍ ചന്ദ്രശേഖറിനെ ജയിലില്‍ സന്ദര്‍ശിച്ചതായും കത്തില്‍ പറയുന്നു.

സത്യേന്ദര്‍ ജെയിന്‍ പത്തുകോടി രൂപ വാങ്ങിയെന്ന് ആരോപണം; മോര്‍ബി ദുരന്തത്തില്‍നിന്ന് ശ്രദ്ധതിരിക്കാനെന്ന് കേജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സത്യേന്ദര്‍ ജെയിന്‍ പത്തുകോടി രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്ന ആരോപണവുമായി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖര്‍. ഇതുള്‍പ്പെടെയുള്ള നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയ്ക്ക് സുകേഷ് ചന്ദ്രശേഖര്‍ കത്തയച്ചു.

എന്നാല്‍ ആരോപണം ബിജെപി കെട്ടിച്ചമച്ചതാണെന്നും ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്ന സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രി വാള്‍ പറഞ്ഞു.

”പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ കുമാര്‍ വിശ്വാസിനെ കൊണ്ടുവന്നു. ഇപ്പോള്‍ ഗുജറാത്തില്‍ ബിജെപി മോശം അവസ്ഥയിലാണ്. അവര്‍ക്ക് സുകേഷ് ചന്ദ്രശേഖറിന്റെ പിന്തുണ ആവശ്യമാണ്. നിങ്ങള്‍ അയാളെ എങ്ങനെ വിശ്വസിക്കും? ഗുജറാത്ത് മോര്‍ബി പാലം ദുരന്തത്തിൽനിന്ന് ശ്രദ്ധ തിരിക്കാന്‍ ബി ജെ പി വ്യാജവും സാങ്കല്‍പ്പികവും കെട്ടിച്ചമച്ചതുമായ കഥകള്‍ മെനയുന്നു,” കേജ്‌രിവാള്‍ പറഞ്ഞു.

”ഗുജറാത്തിലെ ബിജെപിയുടെ സ്ഥിതി വളരെ മോശമാണ്. അവര്‍ക്ക് രാജ്യത്തെ ഏറ്റവും വലിയ കൊള്ളക്കാരന്റെ സഹായം തേടേണ്ടി വരുന്നു. മാധ്യമങ്ങള്‍ ജാഗരൂകരായിരിക്കട്ടെ. ഈ നാടകങ്ങളെല്ലാം മോര്‍ബിയില്‍നിന്ന് മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്,” കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

‘എഎപി നേതാവ് സത്യേന്ദര്‍ ജെയിനെ 2015 മുതല്‍ എനിക്ക് അറിയാം. കൂടാതെ തെക്കൻ മേഖലയിൽ പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട സ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് എഎപിക്ക് 50 കോടിയിലധികം സംഭാവന നല്‍കിയിട്ടുണ്ട്. ഇത് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടാന്‍ സഹായിക്കുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു,” ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍ സുകേഷ് ചന്ദ്രശേഖര്‍ പറഞ്ഞു.

2017ലും 2019ലും സത്യേന്ദ്ര ജെയിന്‍ സുകേഷ് ചന്ദ്രശേഖറിനെ ജയിലില്‍ സന്ദര്‍ശിച്ചതായും കത്തില്‍ പറയുന്നു. സുകേഷ് ചന്ദ്രശേഖറിനെ 2019ല്‍ ജെയ്നും അദ്ദേഹത്തിന്റെ സെക്രട്ടറിയും അടുത്ത സുഹൃത്തും ജയിലില്‍ സന്ദര്‍ശിച്ചിരുന്നുവെന്നും പ്രതിമാസം രണ്ടു കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ജയിലില്‍ സുരക്ഷിതമായി ജീവിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കാനുമുള്ള സംരക്ഷണ പണമായിരുന്നു ഇത് അദ്ദേഹം പറഞ്ഞു.

സുകേഷ് ചന്ദ്രശേഖര്‍ സത്യേന്ദര്‍ ജെയിന് 10 കോടി രൂപ നല്‍കിയെന്നും ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന എഎപി നേതാവ് തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കത്തില്‍ പറയുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Arvind kejriwal sukesh chandrashekar protection money satyendar jain bjp