ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം വേണ്ടെന്നു വച്ച കോൺഗ്രസിനെ വിമർശിച്ച് അരവിന്ദ് കേജ്‌രിവാൾ. കോൺഗ്രസിന് അഹങ്കാരമാണെന്നും അവരുടെ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശു പോലും കിട്ടില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. മുസ്തഫാബാദിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഎപിയുമായി കൈകോർത്താൽ ഉണ്ടാവുന്ന നേട്ടങ്ങളെക്കുറിച്ച് കോൺഗ്രസിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെന്നും അവർക്കത് മനസിലായില്ലെന്നും കേജ്‌രിവാൾ പറഞ്ഞു. ”കോൺഗ്രസിന് അഹങ്കാരമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അവരുടെ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശു പോലും കിട്ടില്ല,” കേജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിൽ എഎപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ”ഡൽഹിയിൽ എല്ലാവരും എഎപിക്ക് വോട്ട് ചെയ്യണം. കാരണം എഎപിക്ക് മാത്രമേ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ സാധിക്കൂ.”

ഡൽഹിയിലെ കോൺഗ്രസ് യൂണിറ്റ് എഎപിയുമായി സഖ്യത്തിലേർപ്പെടുന്നതിന് രാഹുൽ ഗാന്ധിയോട് എതിർപ്പ് പ്രകടിപ്പിച്ചതായി അഭ്യൂഹങ്ങളുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ എഎപിയുമായി സഖ്യത്തിലേർപ്പെടുന്നതിൽ കോൺഗ്രസിനകത്ത് എതിർ അഭിപ്രായമുണ്ടെന്ന് അടുത്തിടെ ഡൽഹി കോൺഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ