ന്യൂഡല്‍ഹി: മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി ബില്ല് ഇന്നലെയാണ് ലോക്സഭ പാസാക്കിയത്. ആകെ 3 എംപിമാര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. മുസ്‌ലിം ലീഗിന്റെ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി എന്നിവരായിരുന്നു ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.

അതേസമയം, സംവരണ ബില്‍ ബിജെപിയുടെ ഗൂഢാലോചനയാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സംവരണ ബില്ലിനെ അദ്ദേഹം പിന്തുണച്ച് രംഗത്തെത്തിയിരുന്നെങ്കിലും നിലപാട് മാറ്റുകയായിരുന്നു. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതാണ് ബില്‍.

മുന്നാക്കക്കാരിലെ പിന്നാക്ക വിഭാഗങ്ങളെ സഹായിക്കാനല്ല കേന്ദ്രത്തിന്റെ നീക്കമെന്ന് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന സിദ്ധാന്തമുണ്ടെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കി. ജാതി സംവരണം നിര്‍ത്തലാക്കാനുളള ആദ്യ പടിയാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ സംസാരിച്ച പലരും അഭിപ്രായപ്പെട്ടത് ജാതി സംവരണം നിര്‍ത്തലാക്കാനുളള ബിജെപിയുടെ തന്ത്രം ആണ് ഇതെന്നാണ്. അത് വളരെ അപകടകരമാണ്,’ കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ നിന്നുളള ദലിത് നേതാവും എംഎല്‍എയും ആയ ജിഗ്നേഷ് മേവാനിയുടെ അഭിപ്രായവും ഇത് തന്നെയായിരുന്നു. സവര്‍ണര്‍ക്ക് ‘ലോലിപോപ്പ്’ കാണിച്ചുളള തന്ത്രമാണ് ഇതെന്നാണ് മേവാനി പ്രതികരിച്ചത്. രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെ പല പ്രമുഖരുമായും താന്‍ സംസാരിച്ചതായും ജാതി സംവരണം നിര്‍ത്തലാക്കാനുളള നീക്കമാണ് ഇതെന്നുമാണ് അവര്‍ വ്യക്തമാക്കിയതെന്നുമാണ് മേവാനി പറഞ്ഞത്. സംവരണാനുകൂല്യം ലഭിക്കുന്ന പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളേയും പിന്നാക്ക വിഭാഗങ്ങളേയും ഭിതിയിലാക്കാനാണ് സര്‍ക്കാരിന്റെ സംവരണ ബില്ലെന്ന് പലരും കേജ്‌രിവാളിന്റെ ട്വീറ്റിന് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook