ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്‌ക്കൊപ്പമുള്ള പരിപാടി ബഹിഷ്കരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പരിസ്ഥിതി മന്ത്രി ഗോപാൽ റായിയും. പൊസ്റ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉള്‍പ്പെടുത്തി രാഷ്ട്രീയവല്‍ക്കരിച്ചതിനാലാണ് ഇരുവരും പങ്കെടുക്കാതിരുന്നത്.
ആദ്യ ഘട്ടത്തില്‍ വേദിയിലുണ്ടായിരുന്ന പോസ്റ്ററില്‍ കെജ്‌രിവാളിന്റേയും ലെഫ്റ്റനന്റ് ഗവര്‍ണറുടേയും ചിത്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം പോസ്റ്റര്‍ മാറ്റുകയും പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുകയുമായിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ വനം പരിസ്ഥിതി വകുപ്പിന്റേ നേതൃത്വത്തില്‍ നടന്ന വനമഹോത്സവ് പരിപാടിയിലാണ് സംഭവം. ഗവര്‍ണറും കെജ്‌രിവാളും ഗോപാല്‍ റായിയും പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു.
വേദി കയ്യടക്കാനും എല്‍ഇഡി സ്ക്രീന്‍ ബാനര്‍ മോദിയുടെ ചിത്രമുള്ള ബാനര്‍ കൊണ്ട് മറയ്ക്കാനും പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഡല്‍ഹി പൊലീസിന് നിര്‍ദേശം ലഭിച്ചതായി ഗോപാല്‍ റായ് ആരോപിച്ചു.
“ബാനര്‍ മാറ്റി സ്ഥാപിച്ചാല്‍ നടപടിയുണ്ടാകുമെന്നായിരുന്നു ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. യഥാര്‍ത്ഥത്തില്‍ ബാനറിന് പകരം എല്‍ഇഡി സ്ക്രീനായിരുന്നു ഉപയോഗിക്കേണ്ടത്. കുട്ടികള്‍ക്കുള്ള ബോധവത്കരണ പരിപാടികള്‍ സ്ക്രീനില്‍ കാണിക്കേണ്ടതായിരുന്നു. പക്ഷെ ബാനര്‍ എല്‍ഇഡി സ്ക്രീനിന് മുകളില്‍ സ്ഥാപിച്ചു,” മന്ത്രി പറഞ്ഞു.
രാഷ്ട്രീയവത്കരണം ആരോപണത്തില്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഒഫിസിലെ വൃത്തങ്ങള്‍ പ്രതികരിച്ചിരുന്നു. “പ്രദേശത്തെ എംപിയെ മനപൂര്‍വം ഡല്‍ഹി സര്‍ക്കാര്‍ ക്ഷണിച്ചില്ല. നേരത്തെ മുഖ്യമന്ത്രിയും ലെഫ്റ്റനന്റ് ഗവര്‍ണറും ഭട്ടി മൈന്‍ സന്ദര്‍ശിച്ചപ്പോള്‍ എംപിമാരേയും എംല്‍എമാരേയും ക്ഷണിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. പക്ഷെ സ്ഥലം എംഎല്‍എയുടെ സാന്നിധ്യം എഎപി ഉറപ്പു വരുത്തിയിരുന്നു,” ഒഫിസ് വൃത്തങ്ങള്‍ അറിയിച്ചു.