ന്യൂഡൽഹി: ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിന്റെ ഓഫിസിലെ കാത്തിരിപ്പുമുറിയിൽ കേജ്‍രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുന്നു. ഐഎഎസ് ഓഫിസർമാരുടെ സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണം എന്നഭ്യർത്ഥിച്ചുകൊണ്ട് കേജ്‌രിവാൾ വീണ്ടും നരേന്ദ്ര മോദിക്ക് കത്തെഴുതി. ഞായറാഴ്‌ച നടക്കുന്ന നിതി ആയോഗിൽ പങ്കെടുക്കാൻ ക്ഷണിച്ചുളള കത്തിനു മറുപടിയായാണ് കേജ്‌രിവാൾ കത്തയച്ചത്.

സമരം വ്യക്തിഗത നേട്ടത്തിനല്ലെന്നും ഡൽഹിയിലെ ജനങ്ങളുടെ നന്മയ്‌ക്കാണെന്നും കേജ്‌രിവാൾ പറഞ്ഞു. ”വ്യാഴാഴ്‌ച ലഫ്റ്റനന്റ് ഗവർണറോട് ഞാൻ സംസാരിക്കുകയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഗവർണർക്ക് കത്തെഴുതുകയും ചെയ്‌തു. വാട്സ്ആപ്പിൽ മെസേജും അയച്ചു. പക്ഷേ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഒരു മറുപടിയും ഉണ്ടായില്ല. പ്രധാനമന്ത്രിക്ക് എഴുതിയ കത്തിനും മറുപടി കിട്ടിയില്ല. അതിനാൽ ഇന്ന് ഞാൻ വീണ്ടും അദ്ദേഹത്തിന് കത്തെഴുതി,” കേജ്‌രിവാൾ പറഞ്ഞു.

പ്രധാനമന്ത്രിയുടെ യോഗത്തിൽ ഓഫിസർമാർ പങ്കെടുക്കാതിരുന്നാൽ ഒരു ദിവസമെങ്കിലും ഭരണകാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. പിന്നെന്തിനാണ് ഡൽഹിയിൽ ഐഎഎസ് ഉദ്യോഗസ്ഥർ നടത്തുന്ന സമരത്തിന് താങ്കൾ അനുവാദം നൽകുന്നത്. ഡൽഹിയെ ജനങ്ങളെ കണക്കിലെടുക്കാതെ ചെയ്യുന്ന ഈ നടപടി നല്ലതല്ലെന്നും കേജ്‌രിവാൾ പറഞ്ഞു.

വ്യാഴാഴ്‌ച എഴുതിയ കത്തിനു പുറമേയാണ് വെളളിയാഴ്‌ചയും കേജ്‌രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. രണ്ടാമത്തെ കത്തിലും നാലു മാസമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കുക, സമരം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ കേജ്‌രിവാൾ ഉന്നയിച്ചിട്ടുണ്ട്.

”ഞാൻ വീണ്ടും പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്, എന്തെങ്കിലും ചെയ്യൂ. ഉദ്യോഗസ്ഥരുടെ സമരം തുടരാൻ അനുദിക്കുന്നത് നല്ലതിനല്ല. ഞായറാഴ്‌ച വരെ നടപടി ഒന്നും ഉണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പോകും. ഡൽഹി ജനങ്ങളും മോദിയുടെ വസതിയിൽ ചെന്ന് സമരം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കും”.

”എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ ഞായറാഴ്‌ച ഡൽഹിയിലെ ഓരോ നിവാസികളുടെയും പ്രധാനമന്ത്രിയുടെ വീട്ടിൽ പോകും. നഗരത്തിലെ 10 ലക്ഷം ജനങ്ങളുടെ വീടുകളിൽ എഎപി പ്രവർത്തകർ ചെല്ലും. ഡൽഹി സർക്കാരിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിനെക്കുറിച്ചും അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും എഴുതിയ കത്തിൽ അവരുടെ ഒപ്പുകൾ ശേഖരിക്കും. ഈ 10 ലക്ഷം കുടുംബങ്ങളും ഡൽഹിക്ക് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ടും ഐഎഎസ് ഓഫിസർമാരുടെ സമരത്തിനെതിരെയും പ്രക്ഷോഭം നടത്തും,” കേജ്‌രിവാൾ പറഞ്ഞു.

അതിനിടെ, ഗവർണറുടെ വസതിയിൽ ആംബുലൻസും ഡോക്‌ടർമാരും എത്തിയതിനെ കേജ്‌രിവാൾ വിമർശിച്ചു. ഞങ്ങളെ നിർബന്ധിച്ച് ഇവിടെനിന്ന് നീക്കം ചെയ്യാനാണ് അവരുടെ പദ്ധതി? ഇപ്പോൾ നാലുദിവസം കഴിഞ്ഞിരിക്കുന്നു. ഞങ്ങളെല്ലാം ഫിറ്റാണ്. ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടമെന്ന് കേജ്‌രിവാൾ ട്വീറ്റ് ചെയ്‌തു. സമരം നിർബന്ധിപ്പിച്ച് അവസാനിപ്പിക്കാനാണ് നീക്കമെങ്കിൽ വെളളം കുടിക്കുന്നതുപോലും നിർത്തുമെന്ന് വ്യാഴാഴ്‌ച മുതൽ നിരാഹാര സമരം തുടങ്ങിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദർ ജെയിൻ, ഗോപാൽ റായ് എന്നിവരുൾപ്പെട്ട സംഘമാണു രാജ് നിവാസിൽ ധർണ നടത്തുന്നത്. നാലു മാസമായി സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസ്സഹകരണ സമരം അവസാനിപ്പിക്കാൻ നടപടിയെടുക്കുക, സമരം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങളാണ് കേജ്‍രിവാളും സംഘവും ഉന്നയിച്ചത്. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാൻ ഗവർണർ തയ്യാറായില്ല. തുടർന്നാണ് സംഘം ലഫ്. ഗവർണറുടെ ഓഫിസായ രാജ് നിവാസിൽ തിങ്കളാഴ്‌ച വൈകിട്ട് ആറുമണിയോടെ ധർണ ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook