ന്യൂഡല്‍ഹി: നഗരത്തിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിയന്ത്രിക്കാനാവശ്യപ്പെട്ടുള്ള ലഫ്റ്റനന്റ് ഗവർണർ അനിൽ ബെയ്ജാലിന്റെ റിപ്പോർട്ട് പൊതുപരിപാടിയിൽ വച്ച് പരസ്യമായി കീറിയെറിഞ്ഞ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പൊലീസിൽ നിന്ന് അനുവാദം വാങ്ങിയ ശേഷം മാത്രമേ സർക്കാരും പൊതുജനങ്ങളും സിസിടിവി ക്യാമറകൾ സ്ഥാപിക്കാവൂ എന്ന നിർദ്ദേശമടങ്ങിയതായിരുന്നു ഗവർണറുടെ റിപ്പോർട്ട്. എന്നാല്‍ ജനങ്ങളുടെ അഭിപ്രായം തേടിയുളള ശുപാര്‍ശ മാത്രമാണ് തയ്യാറാക്കിയതെന്ന് സംഭവത്തിന് ശേഷം ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.

ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു കേജ്‌രിവാളിന്റെ പ്രവൃത്തി. നഗരത്തിലുടനീളം സിസിടിവികള്‍ സ്ഥാപിച്ചാല്‍ കുറ്റകൃത്യം പകുതിയായിട്ട് കുറയുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. ‘ഇവിടെ ഇത്രയും അധികം സ്ത്രീകളെ കാണുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഡല്‍ഹിയില്‍ സിസിടിവി വേണമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി നഗരത്തില്‍ സിസിടിവി സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസും ബിജെപിയും ഞങ്ങളെ ജോലി ചെയ്യാന്‍ സമ്മതിക്കുന്നില്ല’, കേജ്‌രിവാള്‍ ആരോപിച്ചു.

അനില്‍ ബെയ്ജാൽ നിയോഗിച്ച സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസംഗത്തിനിടെ അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു. റിപ്പോര്‍ട്ടിലെ ഓരോ ഭാഗങ്ങളും അദ്ദേഹം ജനങ്ങള്‍ക്കായി വായിച്ച് കേള്‍പ്പിച്ചതിന് ശേഷമാണ് കിറിക്കളഞ്ഞത്. ‘സിസിടിവി സ്ഥാപിക്കുന്ന ഉടമകളും വിവരം ശേഖരിക്കുന്നവരും അധികൃതരെ വിവരം അറിയിക്കണമെന്നാണ് പറയുന്നത്. തുടര്‍ന്ന് പൊലീസും അധികൃതരും സ്ഥലം സന്ദര്‍ശിച്ച് ഇവിടെ സിസിടിവി വേണോ വേണ്ടയോ എന്ന് തീരുമാനിക്കും. ജനാധിപത്യത്തില്‍ ജനങ്ങളാണ് ഭരിക്കുന്നത്, പൊലീസല്ല, ലഫ്റ്റനന്റ് സാഹിബ്. സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ ലൈസന്‍സും എടുക്കണോ. വേണ്ട എന്നാണ് നിങ്ങള്‍ പറയുക, അപ്പോള്‍ ഞങ്ങളെന്ത് ചെയ്യും, ഈ റിപ്പോര്‍ട്ട് കീറിക്കളയുകയല്ലേ ചെയ്യേണ്ടത്?’ കേജ്രിവാള്‍ ചോദിച്ചു.

അതുകൊണ്ട് തന്നെ സിസിടിവികള്‍ സ്ഥാപിക്കാന്‍ ലൈസന്‍സ് വേണ്ടെന്ന റിപ്പോര്‍ട്ടില്‍ താന്‍ നാളെ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊലീസിന് കൈക്കൂലി കൂടുതല്‍ കിട്ടുന്നതിലേക്ക് മാത്രമേ ഇത് ഉപകരിക്കൂ എന്നും കേജ്‌രിവാള്‍ തുറന്നടിച്ചു. ‘അനധികൃതമായി പണം ഉണ്ടാക്കാന്‍ പൊലീസിന് ഇനിയും മറ്റൊരു വഴി കൂടി വേണമെന്നാണോ? അദ്ദേഹം ചോദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook