ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ രാഷ്ട്രീയ സഖ്യത്തിനില്ലെന്ന് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ. കോൺഗ്രസ് നേതൃത്വത്തിലുളള പ്രതിപക്ഷ സഖ്യത്തിലുളള രാഷ്ട്രീയ കക്ഷികൾക്ക് രാജ്യത്തിന്റെ വികസനത്തിൽ യാതൊരു പങ്കും അവകാശപ്പെടാനില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിക്കെതിരായ കോൺഗ്രസ് സഖ്യത്തിൽ ഭാഗമാകരുതെന്നാണ് ആംആദ്മി പാർട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. കോൺഗ്രസുമായി സഖ്യത്തിന് തയ്യാറായാൽ പാർട്ടി വിടുമെന്ന് പലരും നയം വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് അരവിന്ദ് കേജ്രിവാൾ നയം വ്യക്തമാക്കിയത്.
2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ വിശാല സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് പറഞ്ഞ എഎപി, പക്ഷെ പ്രതിപക്ഷത്തെ മറ്റേതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുമോയെന്ന് നയം വ്യക്തമാക്കിയിട്ടില്ല.
എന്നാൽ ബിജെപിക്കെതിരായ രാഷ്ട്രീയ വിമർശനം അരവിന്ദ് കേജ്രിവാൾ തുടരുകയും ചെയ്യുന്നുണ്ട്. ഡൽഹിയുടെ വികസന പ്രവത്തനങ്ങൾ കേന്ദ്രസർക്കാർ മാറ്റിവയ്ക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി കൂടിയായ അദ്ദേഹം ആരോപിച്ചു.
“ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിൽ ഓരോ ഘട്ടത്തിലും തടസങ്ങൾ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. വികസന പ്രവർത്തനങ്ങൾ എല്ലാം മാറ്റിവയ്ക്കുന്നു. സംസ്ഥാനത്ത് വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ എഎപി സർക്കാരിന് വിപ്ലവകരമായ മാറ്റം കൊണ്ടുവരാനായെ”ന്നും
കേജ്രിവാൾ പറഞ്ഞു.