ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ ഒരുമിച്ച് പോരാടാന്‍ ബിഹാര്‍ മുഖ്യമന്ത്രി പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുമെന്ന് അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയില്‍ നിതീഷ് കുമാറുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് കേജ്രിവാളിന്റെ പ്രതികരണം.
പ്രതിപക്ഷം നേതൃത്വം നല്‍കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ പിന്തുണയോടെ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ മറികടക്കാന്‍ രാജ്യസഭയില്‍ ബില്‍ ആവശ്യപ്പെട്ട് കേജ്രിവാള്‍ പറഞ്ഞു, ഈ ബില്‍ പാസായാല്‍ 2024 ല്‍ ബിജെപി ഉണ്ടാകില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.
”നിതീഷ് ജി ഇന്ന് എനിക്ക് പിന്തുണ നല്‍കാനാണ് വന്നത്. അദ്ദേഹം ഞങ്ങളോടും ഡല്‍ഹിയിലെ ജനങ്ങളോടും കൂടെയുണ്ട്. ബിജെപിയുടെ ഓര്‍ഡിനന്‍സിനോടും അത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് ചെയ്ത അനീതിയോടും അദ്ദേഹം വിയോജിക്കുന്നു. നിതീഷ് ജി ഇതിനെതിരെ ഞങ്ങളോടൊപ്പം പോരാടും. കേന്ദ്രത്തിനെതിരെ പോരാടാന്‍ അദ്ദേഹം എല്ലാ പ്രതിപക്ഷത്തെയും പ്രേരിപ്പിക്കും. എല്ലാ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളും ഒന്നിച്ചാല്‍ അവര്‍ക്ക് ഇക്കാര്യം രാജ്യസഭയില്‍ ബില്ലിലൂടെ അവതരിപ്പിക്കാം. ഈ ബില്‍ പാസായാല്‍ 2024ല്‍ ബിജെപി ഉണ്ടാകില്ല… കേന്ദ്രത്തിന്റെ തീരുമാനം സഭയില്‍ പരാജയപ്പെട്ടാല്‍ അത് 2024ല്‍ ബിജെപിയുടെ സെമിഫൈനലാകും, ”അദ്ദേഹം പറഞ്ഞു.
പുതിയ ഓര്‍ഡിനന്‍സിനെ എതിര്‍ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളോട് കേജ്രിവാള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ”രാജ്യസഭയില്‍ ഈ ബില്‍ വരുമ്പോള്‍ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ പാര്‍ട്ടി മേധാവികളോടും ഞാന്‍ തന്നെ സംസാരിക്കുകയും ബില്ലിനെ എതിര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും പാസാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍ഡിനന്‍സിനെ ‘ജനാധിപത്യവിരുദ്ധം’, ‘ഭരണഘടനാവിരുദ്ധം’, ‘ഫെഡറല്‍ ഘടനയ്ക്കെതിരായ ആക്രമണം’, സുപ്രീം കോടതിയോടുള്ള ‘നേരിട്ടുള്ള വെല്ലുവിളി’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. വേനലവധിക്ക് ശേഷം (മെയ് 22 മുതല്‍ ജൂലൈ 2 വരെ) ഓര്‍ഡിനന്‍സ് വീണ്ടും തുറന്നാലുടന്‍ എഎപി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി സര്‍ക്കാരിന് സുപ്രീം കോടതി വിധിയിലൂടെ ലഭിച്ച അധികാരത്തെ മറികടക്കാനുള്ള വെള്ളിയാഴ്ച്ചയാണ് കേന്ദ്രം പുറത്തിറക്കിയത്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിന് അധികാരമുള്ള നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ് കേന്ദ്രം പുറത്തിറക്കിയത്. ഡല്‍ഹി മുഖ്യമന്ത്രിയാണ് അതോറിറ്റിയുടെ ചെയര്‍മാന്‍. ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് മറ്റു അംഗങ്ങള്‍. അതോറിറ്റി തീരുമാനിക്കേണ്ട എല്ലാ കാര്യങ്ങളും ഹാജരായ അംഗങ്ങളുടെയും വോട്ടു ചെയ്യുന്നവരുടെയും ഭൂരിപക്ഷ വോട്ടുകള്‍ കണക്കാക്കി തീരുമാനിക്കപ്പെടും. ഇതിനര്‍ത്ഥം, തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ മറികടക്കാന്‍ കേന്ദ്രം നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നാണ്. സമിതിയിലെ അംഗങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ ലഫ്.ഗവര്‍ണറായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നു.