ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലെ സിബിഐ റെയ്ഡില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ പോരാടുന്നതിന് പകരം സര്‍ക്കാര്‍ രാജ്യമൊട്ടാകെ പോരാട്ടത്തിനിറങ്ങുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. മനീഷ് സിസോദിയയ്ക്കായി സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കെജ്രിവാളിന്റെ പരാമര്‍ശം.
‘സാധാരണക്കാരന്‍ പണപ്പെരുപ്പത്തോട് പൊരുതുന്ന ഈ സമയത്ത്, കോടിക്കണക്കിന് യുവാക്കള്‍ തൊഴില്‍ രഹിതരാണ്, കേന്ദ്ര സര്‍ക്കാരും എല്ലാ സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്ന് തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെ പോരാടണം. പകരം, അവര്‍ (കേന്ദ്ര സര്‍ക്കാര്‍) രാജ്യം മുഴുവന്‍ പോരാടുകയാണ്. എന്നും രാവിലെ അവര്‍ ഉറക്കമുണര്‍ന്ന് സി.ബി.ഐയും, ഇ.ഡിയും അവരുടെ കളികള്‍ തുടരുകയാണ്. ഈ നിലയില്‍ രാജ്യം എങ്ങനെ എങ്ങനെ പുരോഗമിക്കും?’ കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
ഡല്‍ഹി എക്‌സസൈസ് അഴിമതിയുടെ സൂത്രധാരന്‍ കെജ്‌രിവാളാണെന്ന് ആരോപിച്ച ബിജെപി കൈവിലങ്ങുകള്‍ കെജ്‌രിവാളിനോട് അടുത്ത് വരുന്നതായും പറഞ്ഞു. 2024ല്‍ മത്സരം മോദിയും കെജ്രിവാളും തമ്മിലായിരിക്കുമെന്ന് എഎപി പറയുന്നുണ്ടെങ്കിലും യുപിയിലും ഉത്തരാഖണ്ഡിലും ഗോവയിലും എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.
ഡല്‍ഹിയില്‍ മദ്യനയം പുനഃക്രമീകരിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മനീഷ് സിസോദിയയുടെ വസതിയിലുള്‍പ്പടെ 31 സ്ഥലങ്ങളിലാണ് വെള്ളിയാഴ്ച സി.ബി.ഐ റെയ്ഡ് നടത്തിയത്. അതേസമയം തനിക്കെതിരായ അഴിമതി ആരോപണങ്ങളെ തള്ളിയ സിസോദിയ, കെജ്രിവാള്‍ മന്ത്രിസഭയില്‍ അംഗമായതിനാലാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് ആരോപിക്കുകയും ചെയ്തു. ‘താന്‍ ചെയ്ത ഏകകുറ്റം കെജ്രിവാള്‍ മന്ത്രിസഭയില്‍ അംഗമാണെന്നത് മാത്രമാണ്. അവരുടെ വിഷയം മദ്യനയം പുനഃക്രമീകരിച്ചതല്ല മറിച്ച് അരവിന്ദ് കെജ്രിവാളാണ് അവരുടെ പ്രശ്‌നം’- സിസോദിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച സിസോദിയ, അദ്ദേഹം ഡല്‍ഹിയില്‍ ‘സ്വതന്ത്രനായി’ കറങ്ങുകയാണെന്നും ലുക്ക് ഔട്ട് നോട്ടീസിനെ ‘നൗതങ്കി’ (നാടകം) എന്നും വിശേഷിപ്പിച്ചു. വെള്ളിയാഴ്ച നടന്ന റെയ്ഡുകളില്‍ ഒന്നും കണ്ടെത്താനാകാത്തതിനെ തുടര്‍ന്നാണ് തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.