ന്യൂഡൽഹി: ആറ് മണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഡൽഹി നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു.

നിരവധി ആളുകളാണ് ഇന്ന് പത്രിക സമർപ്പിക്കാനെത്തിയത്. ഇതോടെ ടോക്കൺ വിതരണം ചെയ്തപ്പോൾ 45-ാം നമ്പറാണ് അരവിന്ദ് കെജ്‌രിവാളിന് ലഭിച്ചത്. ഇതോടെ ഉച്ചയ്ക്ക് ആരംഭിച്ച കാത്തിരിപ്പ് രാത്രിവരെ നീണ്ടു.

നൂറിലധികം സ്ഥാനാർഥികളാണ് അവസാന ദിവസമായ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയത്. എന്നാൽ ഇവരിൽ പലരും അരവിന്ദ് കെജ്‌രിവാൾ പത്രിക സമർപ്പിക്കുന്നത് തടയാൻ ബിജെപി നിയോഗിച്ചവരാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

റോഡ്​ ഷോ നീണ്ടുപോയതിനാൽ കെജ്​രിവാളിന്​ ഇന്നലെയും പത്രിക സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് വൈകിട്ട് മൂന്ന് വരെയായിരുന്നു പത്രിക സമർപ്പണത്തിനുള്ള സമയം, എന്നാൽ ആളുകൾ കൂടുതലുള്ളതിനാൽ വരണാധികാരി സമയം നീട്ടിനൽകുകയായിരുന്നു.

അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽനിന്നു തന്നെയാണ് ജനവിധി തേടുന്നത്. തുടർച്ചയായി മൂന്നാം തവണയാണ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്ന് മത്സരിക്കുന്നത്. 2015ൽ നടന്ന തിരഞ്ഞെടുപ്പിൽ 70 അംഗ നിയമസഭയിൽ 67 സീറ്റും തൂത്തുവാരിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ഒറ്റ ഘട്ടമായി ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഫെബ്രുവരി 11ന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook