ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറക്കുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ”ഈ ഓര്‍ഡിനന്‍സ് ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങളുടെ മുഖത്തുള്ള ബിജെപിയുടെ അടിയാണ്. ജനാധിപത്യത്തെ പരസ്യമായി ചവിട്ടിമെതിക്കുന്നത് ശരിയല്ല, ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കം ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള നീക്കമാണ്. ഈ ഓര്‍ഡിനന്‍സ് ഡല്‍ഹിയിലെ രണ്ട് കോടി ജനങ്ങളുടെ മുഖത്തേക്കുള്ള ബിജെപിയുടെ അടിയാണ്. നിങ്ങള്‍ക്ക് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം എന്ന് ബിജെപി പറയുന്നു, അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി പറയുന്നു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അവരുടെ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നും” കേജ്രിവാള്‍ പറഞ്ഞു.
‘ഞങ്ങള്‍ അവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ പറയുന്നു. ആം ആദ്മി പാര്‍ട്ടി ഒരു ചെറിയ പാര്‍ട്ടിയാണ്, ഞങ്ങള്‍ ചെറിയ ആളുകളാണ്. രാജ്യം വളരെ വലുതാണ്, രാജ്യമാണ് പ്രധാനം. നാളെ ഞങ്ങള്‍ ഇവിടെ ഉണ്ടാകില്ല, മറ്റൊരാള്‍ ഉണ്ടാകും, പക്ഷേ രാജ്യം ഇവിടെ ഉണ്ടാകും. ജനാധിപത്യത്തെ പരസ്യമായി ചവിട്ടിമെതിക്കുന്നത് ശരിയല്ല, ഓര്‍ഡിനന്‍സിനെതിരെ ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോകും,’ കേജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഭരണപരമായ അധികാരങ്ങളുടെ നിയന്ത്രണം ഡല്‍ഹി സര്‍ക്കാരിന് നല്‍കിക്കൊണ്ടുള്ള മെയ് 11 ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം ശനിയാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ വിവിധവകുപ്പുകളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം സര്‍ക്കാരിനാണെന്നു സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് ഏകകണ്ഠമായി വിധിച്ചത്. ഡല്‍ഹിയില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനും ശുപാര്‍ശ ചെയ്യുന്നതിന് അധികാരമുള്ള നാഷണല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസ് അതോറിറ്റി രൂപീകരിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രം കൊണ്ടുവന്നതിന് തൊട്ടുപിന്നാലെയാണിത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാരിനാണ് പൂര്‍ണ അധികാരമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിയിലൂടെ ഡല്‍ഹി മുഖ്യമന്ത്രിക്ക് കിട്ടിയ അധികാരം വെട്ടിക്കുറയ്ക്കുന്നതിനാണ് കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
രാജ്യത്ത് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനത്തിലും കേജ്രിവാള്‍ പ്രതികരിച്ചു. ‘സര്‍ക്കാരിന് വിദ്യാഭ്യാസം വേണം. ഞാനിത് പറഞ്ഞുകൊണ്ടേയിരിക്കുന്നു. അഴിമതി അവസാനിപ്പിക്കാനാണ് 2000 രൂപ നോട്ട് കൊണ്ടുവന്നതെന്ന് അവര്‍ ആദ്യം പറഞ്ഞു. ഇപ്പോള്‍ അഴിമതി അവസാനിപ്പിക്കാനാണ് ഞങ്ങള്‍ അത് എടുത്തുകളയുന്നതെന്ന് പറയുന്നു. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? പകല്‍ മുഴുവന്‍ വരിയില്‍ നില്‍ക്കാന്‍ ജനങ്ങളെയാണോ സര്‍ക്കാരിന് വേണ്ടത്. ഓരോ 2-3 വര്‍ഷത്തിലും ഇത് സംഭവിക്കുന്നു, ഇത് ശരിയായ കാര്യമല്ല, ഇത് കൊണ്ട് ഫലമൊന്നുമില്ല, നോട്ടുകള്‍ മാറി ലഭിക്കാന്‍ ബാങ്കുകള്‍ക്ക് പുറത്തല്ല, മറിച്ച് രാജ്യത്തെ ജനങ്ങള്‍ അവരുടെ കുടുംബത്തെ പോറ്റാനും അവരുടെ ജോലികള്‍ ചെയ്യാനും പ്രവര്‍ത്തിക്കേണ്ടത് കേജ്‌രിവാള്‍ പറഞ്ഞു.